ഛത്തീസ്ഗഡിൽമാവോയിസ്റ്റ് ആക്രമണം ;ബിജെപി നേതാവ് കൊല്ലപ്പെട്ടു .

ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ നക്‌സലൈറ്റുകൾ വെട്ടിക്കൊന്നു. ബിജെപി നേതാവ് രത്തൻ ദുബെയെ നാരായൺപൂർ ജില്ലയിൽ വച്ചാണ് അജ്ഞാതരായ നക്‌സലൈറ്റുകൾ വെട്ടികൊന്നതെന്ന് പോലീസ് അറിയിച്ചു.  നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.നാരായണപൂരിൽ ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന ദുബെ കൗശൽനാർ ഗ്രാമത്തിൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ നക്‌സലൈറ്റുകളാണ് ദുബെയെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.“ഛത്തീസ്ഗഡ് ബിജെപിയുടെ നാരായൺപൂർ അസംബ്ലി കൺവീനറും നാരായൺപൂർ ജില്ലാ വൈസ് പ്രസിഡന്റുമായ രത്തൻ ദുബെ ജിയെ പ്രചാരണത്തിനിടെ നക്‌സലൈറ്റുകൾ ക്രൂരമായി കൊലപ്പെടുത്തിയതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. പാർട്ടി മുഴുവൻ ഈ സംഭവം അപലപിക്കുന്നു.” ദുബെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി നേതാവ് ഓം മാത്തൂർ എക്‌സിൽ പങ്കുവച്ച പോസ്‌റ്റിൽ പറയുന്നു.നേരത്തെ ഒക്‌ടോബർ 20ന് മൊഹ്‌ല-മാൻപൂർ-അംബാഗഡ് ചൗക്കി ജില്ലയിലെ സർഖേദ ഗ്രാമത്തിൽ ബിജെപി പ്രവർത്തകൻ ബിർജു തരാമിനെ മാവോയിസ്‌റ്റുകളെന്ന് സംശയിക്കുന്നവരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ബിജെപി നേതാവ് കൂടി കൊല്ലപ്പെടുന്നത്. ദൃക്‌സാക്ഷി പറയുന്നതനുസരിച്ച്, ദുബൈ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ രണ്ട് പേർ ആൾക്കൂട്ടത്തിൽ നിന്ന് ഇറങ്ങിവന്ന് പിന്നിൽ നിന്ന് അദ്ദേഹത്തിന്റെ തലയ്ക്ക് നേരെ ആക്രമിക്കുകയായിരുന്നു.”ദുബെ തന്റെ കാറിനടുത്തേക്ക് ഓടിക്കയറി അകത്തേക്ക് കയറാൻ ശ്രമിച്ചു, എന്നാൽ കുറച്ച് ആളുകൾ അദ്ദേഹത്തെ തടുത്ത് വച്ച് മൂർച്ചയുള്ള ആയുധങ്ങളാൽ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു.,” നവംബർ 7ന് വോട്ടെടുപ്പ് നടക്കുന്ന 20 നിയമസഭാ സീറ്റുകളിൽ ഒന്നാണ് നാരായൺപൂർ. 90 അംഗ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 17നും വോട്ടെണ്ണൽ ഡിസംബർ 3നും നടക്കും.