ജെറുസലേം: കരയുദ്ധം തുടങ്ങിയതോടെ ഗാസ നഗരത്തെ വളഞ്ഞ് രണ്ടായി വിഭജിച്ചതായി ഇസ്രയേൽ സൈന്യം. ഇത് മൂന്നാം തവണയാണ് ഗാസയിലെ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും ഇസ്രയേൽ തകർക്കുന്നത്. അതിനിടെ, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പലസ്‌തീൻ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ ഇറാഖിൽ അപ്രതീക്ഷിത സന്ദർശനവും നടത്തി.ഗാസയിൽ നാലാഴ്‌ചയിലേറെ നീണ്ട യുദ്ധത്തിൽ 9770 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിൽ ഹമാസ് തീവ്രവാദികൾ 1,400ലധികം ആളുകളെ കൊല്ലുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്‌തതിന് ശേഷമാണ് ഈ ഓപ്പറേഷൻ ആരംഭിച്ചത്.ഇന്നലെ ഇസ്രയേൽ ഗാസയിൽ അതിശക്തമായ ബോംബാക്രമണമാണ് നടത്തിയത്.ഗാസ നഗരം ഇപ്പോൾ രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുകയാണെന്ന് റിയർ അഡ്‌മിൻ ഡാനിയൽ ഹഗാരി ഇതിന് പിന്നാലെ പ്രഖ്യാപിച്ചു. “ഇപ്പോൾ വടക്കൻ ഗാസയും തെക്കൻ ഗാസയും ഉണ്ട്”, ഹമാസിനെതിരായ ഇസ്രയേൽ യുദ്ധത്തിന്റെ “പ്രധാന ഘട്ടം” ആണിതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ സൈന്യം 48 മണിക്കൂറിനുള്ളിൽ ഗാസ നഗരത്തിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ഗാസയിൽ എല്ലാ ആശയവിനിമയ സംവിധാനങ്ങളും, ഇന്റർനെറ്റ് സേവനങ്ങളും പൂർണമായും പ്രവർത്തരഹിതമാവുന്നത്. ഇന്റർനെറ്റ് ആക്‌സസ് അഡ്വക്കസി ഗ്രൂപ്പായ NetBlocks.org റിപ്പോർട്ട് ചെയ്‌ത കണക്‌റ്റിവിറ്റിയിലെ പ്രശ്‌നങ്ങൾ പലസ്‌തീനിയൻ ടെലികോം കമ്പനിയായ പാൽടെൽ സ്ഥിരീകരിച്ചു. ഗാസയിലെ ആദ്യത്തെ ആശയവിനിമയ തടസ്സം 36 മണിക്കൂറും രണ്ടാമത്തേത് വളരെ കുറച്ച് മണിക്കൂറുകളുമാണ് നീണ്ടുനിന്നത്.തങ്ങളുടെ സൈന്യം ഗാസ സിറ്റിയെ വിജയകരമായി വളഞ്ഞതായി പ്രഖ്യാപിച്ച സാഹചര്യത്തിൽ വെടിനിർത്തലിനായുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ ഇസ്രയേൽ വീണ്ടും നിരസിച്ചു. തൊട്ടടുത്ത രാജ്യമായ ലെബനനിൽ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ള പ്രതിസന്ധി നിയന്ത്രിക്കാൻ ആന്റണി ബ്ലിങ്കൻ ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ഈ സംഭവവികാസം.യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, യുദ്ധം തുടരുന്നതിനിടെ നയതന്ത്ര ശ്രമങ്ങൾക്കായി ഞായറാഴ്‌ച അധിനിവേശ വെസ്‌റ്റ് ബാങ്ക് സന്ദർശിച്ചിരുന്നു. അദ്ദേഹം പലസ്‌തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കാണുകയും, ഗാസയിലെ സിവിലിയൻമാരുടെ ദുരവസ്ഥ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ബൈഡൻ ഭരണകൂടം ശക്തമാക്കുകയാണെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. നിലവിലെ പോരാട്ടത്തിന് ശേഷം തങ്ങളുടെ പ്രദേശത്തിനായി അടുത്തതായി വരുന്ന കാര്യങ്ങളിൽ പലസ്‌തീനികൾ ഉറച്ച അഭിപ്രായപ്രകടനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധം രൂക്ഷം ;ഗാസ രണ്ടായി പിളർന്നു.

