എറണാകുളം :കളമശ്ശേരി സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പൊള്ളലേറ്റ കളമശ്ശേരി ഗണപതിപ്ലാക്കൽ മോളി ജോയ് ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മോളി എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെ അഞ്ചുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
80 ശതമാനത്തിലേറെ മോളിക്ക് പൊള്ളലേറ്റിരുന്നു. രാജഗിരി ആശുപത്രിയിൽ ആദ്യം ചികിത്സതേടിയ മോളിയെ ഗുരുതര പരിക്കുകളെ തുടർന്നു മെഡിക്കൽ സെന്ററിലേക്കു മാറ്റുകയായിരുന്നു.
ലിയോണ പൗലോസ് (55), കുമാരി (53), ലിബിന (12) എന്നിവരാണ് നേരത്തേ മരിച്ചത്. ലിയോണ പൗലോസ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. ചികിത്സയിൽ കഴിയവേയാണ് കുമാരിയും ലിബിനയും മരിച്ചത്. ഒക്ടോബർ 29നു രാവിലെ ഒമ്പതരയോടെ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്റർ ഹാളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണ് സ്ഫോടനം നടന്നത്. പ്രാർത്ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടക്കുകയായിരുന്നു.

