വയനാട്ടിൽ മാവോയിസ്റ്റ് സംഘത്തിൽപ്പെട്ടയാൾ പിടിയിൽ .

കോഴിക്കോട്- വയനാട് അതിർത്തി വന മേഖലയിൽ വച്ചാണ് വയനാട് സ്വദേശിയായ മാവോയിസ്റ്റ് പിടിയിലായത്.

കൽപ്പറ്റ :വയനാട്ടിൽ മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാളെ തണ്ടർബോൾട്ട് പിടികൂടി. മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നളാണ് പിടിയിലായത്. കോഴിക്കോട്- വയനാട് അതിർത്തി വന മേഖലയിൽ വച്ചാണ് വയനാട് സ്വദേശിയായ മാവോയിസ്റ്റ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. വയനാട്, കണ്ണൂർ മേഖലകളിലെ മറ്റ് സംഘാ​ഗങ്ങൾക്കാണ് ഇയാൾ സഹായം നൽകിയിരുന്നത്. 

അതേസമയം വയനാട് തലപ്പുഴയിലെത്തിയ അഞ്ചംഗ മാവോയിസ്റ്റ് സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. കബനീദളത്തിലെ അംഗങ്ങളായ സി പി മൊയ്തീന്‍, മനോജ്, സന്തോഷ്, വിമല്‍കുമാര്‍, സോമന്‍ എന്നിവരാണ് സ്ഥിരമായി ഈ മേഖലയില്‍ എത്തുന്നത്. സെപ്റ്റംബര്‍ 28ന് കമ്പമലയിലെ കെഎഫ്ടിസി ഓഫീസ് അടിച്ചു തകര്‍ത്തതും മൂന്ന് തവണ ജനവാസ മേഖലയില്‍ എത്തിയതും ഒരേ മാവോയിസ്റ്റ് സംഘം തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്

ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായ ഇടങ്ങളില്‍ എല്ലാം തന്നെ അഞ്ച് പേര്‍ അടങ്ങുന്ന ഈ സംഘമാണ് എത്തിയത്. കഴിഞ്ഞ ദിവസം മക്കിമലയിലെ ജംഗിള്‍ വ്യൂ റിസോര്‍ട്ടില്‍ കബനീദളത്തിലെ അംഗങ്ങളടങ്ങുന്ന ഈ സംഘം വീണ്ടുമെത്തിയിരുന്നു. പിന്നാലെ ജീവനക്കാരന്റെ ഫോണില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വാട്‌സാപ്പിലൂടെ പത്രക്കുറിപ്പ് അയക്കുകയും ചെയ്തിരുന്നു. രണ്ട് പ്രധാന നേതാക്കളുടെ അറസ്റ്റോടെ ശക്തി തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും പൊലീസ് പറഞ്ഞു.