അഹമ്മദ് സിയാമെന്നിനെ വധിച്ചതായി ഇസ്രായേൽ ; വധിച്ചത് ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡറെ .

ഗാസയിലെ ആശുപത്രിയിൽ 1,000 ലേറെ പേരെ ബന്ദികളാക്കിയ ഹമാസ് കമാന്‍ഡറെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രായേല്‍ സൈന്യം. ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡറായിരുന്നു അഹമ്മദ് സിയാമെന്നിനെയാണ് വധിച്ചത്. ഇയാള്‍ ഭീകരാക്രമണങ്ങളില്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നതായും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) എക്സില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറഞ്ഞു.

ഈ മാസം ആദ്യം ഹമാസിന്റെ ഗാസ മേധാവി യഹ്യ സിന്‍വാറിനെ കണ്ടെത്തി കൊല്ലാന്‍ ഗാസയിലെ ജനങ്ങളോട് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആഹ്വാനം ചെയ്തിരുന്നു. ഇയാളെ കൊന്നാല്‍ യുദ്ധത്തിന്റെ തീവ്രത കുറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഒക്ടോബര്‍ 7 ന് പലസ്തീന്‍ സംഘം ഇസ്രായേലിന് നേരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ഇതില്‍ പങ്കെടുത്ത നിരവധി ഹമാസ് പ്രവര്‍ത്തകരെ ഇസ്രായേല്‍ സൈന്യം വധിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം ഗാസയില്‍ ഹമാസിനെതിരായ കര ആക്രമണം ഇസ്രായേല്‍ ശക്തമാക്കി. യുദ്ധത്തില്‍ ഇസ്രായേലില്‍ 1,200 ഓളം പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗാസയില്‍ 10,000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. 

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയില്‍ നിന്ന് കുട്ടികളെ ഒഴിപ്പിക്കാന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.ഈ ആശുപത്രിയില്‍ യുദ്ധസമയത്ത് രണ്ട് നവജാത ശിശുക്കള്‍ മരിച്ചുവെന്നും ഡസന്‍ കണക്കിന് കുഞ്ഞുങ്ങള്‍ അപകടത്തിലാണെന്നും പലസ്തീന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇന്‍ക്വുബേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത്. നിലവില്‍ ഇന്ധനക്ഷാമത്തെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്. 

അതേസമയം, കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ ഇസ്രായേലി സൈനികരുടെ 25-ലധികം വാഹനങ്ങള്‍ ഉള്‍പ്പെടെ 160-ലധികം കേന്ദ്രങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നശിപ്പിച്ചതായി ഹമാസ് അവകാശപ്പെട്ടു.മറുവശത്ത്, വടക്കന്‍ ഗാസയുടെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടതായി ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു.ഗാസയില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ശനിയാഴ്ച രാത്രി വൈകി നടത്തിയ പത്രസമ്മേളനത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കരയിലൂടെയുള്ള ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ 46 പേര്‍ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു.

ഇതിനിടെ ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ ജനങ്ങളെ മോചിപ്പിക്കാനുള്ള കരാറില്‍ ചില പുരോഗതി കൈവരിച്ചതായി ഇസ്രായേലിലെ മൂന്ന് പ്രധാന ടിവി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.N12 ന്യൂസ് അനുസരിച്ച്, യുദ്ധത്തിന്റെ മൂന്നോ അഞ്ചോ ദിവസത്തെ ഇടവേളയില്‍ 50 മുതല്‍ 100 വരെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ഘട്ടം ഘട്ടമായി മോചിപ്പിക്കും.റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രായേല്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പലസ്തീന്‍ തടവുകാരെയും അവരുടെ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുകയും ഗാസയ്ക്ക് ഇന്ധനം നല്‍കുകയും ചെയ്യും. അതേസമയം കരാറിന് ശേഷം യുദ്ധം പുനരാരംഭിക്കും. നേരത്തെ ടെല്‍ അവീവില്‍, ബന്ദികളുടെ കുടുംബങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകള്‍ റാലിയില്‍ അണിനിരന്നു. 

ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന അഷ്റഫ് അല്‍-ഖിദ്ര പറഞ്ഞു. ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രി സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇത് കാരണം ഇന്‍കുബേറ്ററില്‍ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു.ഇസ്രയേലി ഷെല്ലാക്രമണത്തിനിടെ ഒരു രോഗി മരിച്ചതായും മെഡിക്കല്‍ കോംപ്ലക്സിനു നേരെ ഇടയ്ക്കിടെ ഇസ്രായേല്‍ സ്നൈപ്പര്‍മാര്‍ വെടിയുതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈജിപ്തിലേക്കുള്ള റഫ ക്രോസിംഗ് വെള്ളിയാഴ്ച അടച്ചിരുന്നു. വിദേശ പാസ്പോര്‍ട്ട് ഉടമകള്‍ക്കായി ഞായറാഴ്ച വീണ്ടും തുറക്കുമെന്ന് ഗാസയുടെ അതിര്‍ത്തി അതോറിറ്റി അറിയിച്ചു.