കണ്ണൂര്‍ :കണ്ണൂർ ജില്ലയിലെ അയ്യന്‍കുന്ന് ഉരുപ്പുകുറ്റി ഞെട്ടിത്തോട് വനമേഖലയിലെ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റ്കൾക്ക് വെടിയേറ്റതായി സൂചന . രാവിലെ ഒമ്പതരയോടെ തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എട്ട് മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയത്. ഇതോടെ പൊലീസ് തിരിച്ചടിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റെന്നാണ് സംശയം. പരിശോധനയില്‍ വെടിവെയ്പ്പ് നടന്ന സ്ഥലത്തുനിന്ന് മൂന്നു തോക്കുകള്‍ കണ്ടെടുത്തു. പിന്നാലെ ഉന്നത പൊലീസ് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. രാവിലെ വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘം. ഇതിനിടെ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ചും വെടിയുതിര്‍ത്തു. പ്രദേശത്ത് നിന്ന് പത്ത് മിനിട്ടോളം വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലത്ത് മാവോയിസ്റ്റുകളുടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതായി സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാലിത് സ്ഥിരീകരിച്ചിട്ടില്ല. വെടിവെപ്പുണ്ടായ സ്ഥലത്ത് നിന്ന് പൊലീസ് രക്തതുള്ളികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റെന്ന സംശയമുയര്‍ന്നത്. അതേസമയം തണ്ടര്‍ബോള്‍ട്ട് സംഘത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
മാവോയിസ്റ്റ് – തണ്ടർ ബോൾട്ട് ഏറ്റുമുട്ടലിൽ 2 പേർക്ക് വെടിയേറ്റതായി സംശയം.

