സംവിധായകനും മുൻ ബിജെപി സഹയാത്രികനുമായ   രാമസിംഹൻ (അലി അക്ബര്‍ )സ്വന്തം ഒടിടി പ്ലാറ്റ്︋ഫോം ആരംഭിക്കുന്നു.

2024 ഫെബ്രുവരി മാസത്തോടെ ഒടിടി യാഥാര്‍ത്ഥ്യമാകുമെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ ഒടിടി പ്ലാറ്റ്︋ഫോമിലെ ആദ്യ ചിത്രമായി രാമസിംഹൻ തന്നെ സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2024 ഫെബ്രുവരി മാസത്തോടെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഒടിടി ചാനലുകള്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നതിന് വലിയ കാലതാമസമെടുക്കുന്നുണ്ട് എന്നും ഈ കാലതാമസം ഒഴിവാക്കാൻ എന്ത് ചെയ്യണമെന്ന ആലോചനയുണ്ടായിരുന്നു എന്നും രാമസിംഹൻ പറയുന്നു. അങ്ങനെ നിരവധി ചിന്തകള്‍ക്ക് ശേഷമാണ് സ്വന്തം ഒടിടി ചാനല്‍ എന്ന ആശയം രൂപം കൊണ്ടതെന്നും രാമസിംഹൻ വ്യക്തമാക്കി. ബോളിവുഡില്‍ വലിയ വിജയമായി കേരള സ്റ്റോറിക്ക് പോലും ഇതുവരെ ഒടിടി ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ ഇപ്പോഴും റിലീസ് നടത്താനാകാതെ കിടക്കുന്നു എന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാൻ കഴിഞ്ഞത് എന്നും ഇത്തരത്തിലുള്ള കാലതാമസം ചിത്രങ്ങളെ ചിലപ്പോള്‍ പ്രതികൂലമായി ബാധിക്കുമെന്നും അതുകൊണ്ട് കൂടിയാണ് സ്വന്തം ഒടിടി എന്ന ആശയത്തിലേക്ക് വേഗത്തില്‍ എത്തിയതെന്നും രാമസിംഹൻ വ്യക്തമാക്കി.പുതുതായി ആരംഭിക്കുന്ന ഒടിടി പ്ലാറ്റ്︋ഫോം ഓപ്പറേറ്റ് ചെയ്യുന്നത് അമേരിക്കയില്‍ നിന്നായിരിക്കുമെന്നും രാമസിംഹൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒടിടി പ്ലാറ്റ്︋ഫോമിൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട അമേരിക്കയില്‍ നിന്നും ഡിസംബറില്‍ ഒരു പ്രമുഖ വ്യക്തി എത്തുന്നുണ്ട്. അദ്ദേഹവുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ജനുവരി ഫെബ്രുവരി മാസത്തോടെ ഒടിടി പ്ലാറ്റ്︋ഫോം രൂപം കൊള്ളും. ആദ്യ ചിത്രമായി പുഴ മുതല്‍ പുഴ വരെ ഈ പ്ലാറ്റ്︋ഫോമിലൂടെ റിലീസ് ചെയ്യുമെന്നും രാമസിംഹൻ അറിയിച്ചു. മലബാര്‍ ലഹളയുടെ ഇരുണ്ട വശങ്ങള്‍ പ്രമേയമാക്കി രാമൻ സംവിധാനം ചെയ്ത പുഴമുതല്‍ പുഴവരെ എന്ന മലയാള ചലച്ചിത്രം വളരെയേറെ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ഈ ചിത്രം ബോളിവുഡിലേക്കും എത്തുന്നുവെന്ന സൂചനകളും നേരത്തെ രാമസിംഹൻ നല്‍കിയിരുന്നു. ക്രൗഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച പുഴ മുതല്‍ പുഴ വരെ കേരളത്തില്‍ റിലീസ് ചെയ്തതിനു പിന്നാലെയാണ് ബോളിവുഡിലേക്ക് എത്തുന്നതെന്ന വിവരം പങ്കുവച്ച്‌ രാമസിംഹൻ എത്തിയത്. ചിത്രത്തിൻ്റെ ഡബ്ബിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ പുര്‍ത്തിയായെന്നും സംവിധായകൻ രാമസിംഹൻ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൻ്റെ സെൻസറിംഗുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുടനെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഉടൻതന്നെ പുഴമുതല്‍ പുഴവരെ ബോളിവുഡില്‍ ഹിന്ദി സംസാരിച്ചു തുടങ്ങുമെന്നും രാമസിംഹൻ വ്യക്തമാക്കിയിരുന്നു. കശ്മീര്‍ ഫയല്‍സ് ബോളിവുഡില്‍ വലിയ വിജയമായിരുന്നു.

കേരള സ്റ്റോറിയും വിജയം കണ്ടു. അതുപോലെ തൻ്റെ സിനിമയേയും ബോളിവുഡ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാമസിംഹൻ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സെൻസറിംഗിനായി ചിത്രം എത്തിയപ്പോള്‍ സെൻസര്‍ ബോര്‍ഡ് ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അതെല്ലാം പരിഹരിച്ച്‌ മുന്നോട്ടു പോകാൻ കഴിയുമെന്നും രാമസിംഹൻ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ്. ചിത്രം റിലീസാകുന്നതോടു കൂടി മലബാര്‍ കലാപം ദേശീയതലത്തില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.