മഹുവ മൊയ്ത്രവിഷയത്തിൽ ആദ്യ പ്രതികരണവുമായി മമത.
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കാൻ ബി.ജെ.പി ആസൂത്രണം ചെയ്യുകയാണെന്നും എന്നാല്‍ ഇത് അവര്‍ക്ക് 2024ലെ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.മഹുവ മൊയ്ത്രക്കെതിരായ ആരോപണത്തില്‍ ഇതാദ്യമായാണ് മമത ബാനര്‍ജി പ്രതികരിക്കുന്നത്.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാൻ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയെ പിന്തുണക്കുന്നുവെന്ന സൂചനയാണ് മമതയുടെ മറുപടി. ആരോപണം ഉയര്‍ന്നതുമുതല്‍ പാര്‍ട്ടിയോ മുഖ്യമന്ത്രിയോ മഹുവയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നില്ല. അതോടെ പാര്‍ട്ടിക്ക് അനഭിമതയാണ് മഹുവയെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു.
ആരോപണത്തിനു പിന്നാലെ എത്തിക്സ് കമ്മിറ്റി മഹുവയെ ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെ മഹുവയെ എം.പിസ്ഥാനത്ത് നിന്ന് അയോഗ്യയാക്കാനും കമ്മിറ്റി ശുപാര്‍ശചെയ്തു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപടിയെടുക്കാനാണ് സാധ്യത. നവംബര്‍ ഒന്നിനാണ് മഹുവ ചോദ്യംചെയ്യുന്നതിനായി എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായത്.
പ്രധാനമന്ത്രിക്കും അദാനി ഗ്രൂപ്പിനും എതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാൻ വ്യവസായി ദര്‍ശൻ ഹിരാനന്ദാനിയില്‍ നിന്ന് മഹുവ പണം സ്വീകരിച്ചുവെന്നാണ് ആരോപണം. വ്യവസായിയുമായി മഹുവ പാര്‍ലമെന്റ് ലോഗിൻ വിവരങ്ങള്‍ പങ്കുവെച്ചതിന്റെ തെളിവുകളും ദുബെ ഹാജരാക്കിയിരുന്നു. ദര്‍ശനും ഇക്കാര്യം സമ്മതിച്ചിരുന്നു. ലോഗിൻ വിവരങ്ങള്‍ ദര്‍ശന് കൈമാറിയത് സമ്മതിച്ച മഹുവ കോടികള്‍ പ്രതിഫലമായി കൈപ്പറ്റിയിട്ടില്ലെന്നും ചില സമ്മാനങ്ങള്‍ മാത്രമാണ് സ്വീകരിച്ചതെന്നും മറുപടി നല്‍കുകയുണ്ടായി. എന്റെ നാല് മന്ത്രിമാരെ പാർട്ടി ജയിലിൽ അടച്ചാൽ ബിജെപിയുടെ എട്ട് പേരെ ജയിലിൽ അടയ്ക്കുമെന്ന് മമത പറഞ്ഞു. കൂടാതെ, മെട്രോ റെയിൽവേ സ്റ്റേഷനുകൾ മുതൽ ക്രിക്കറ്റ് ടീം വരെ രാജ്യത്തെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങൾ ശക്തമായി നടക്കുന്നുണ്ടെന്ന് അവർ ആരോപിച്ചു.
‘ത്യാഗികളുടെ’ നിറമാണ് കാവി, എന്നാൽ നിങ്ങൾ ‘ഭോഗികൾ’ ആണ്, ബിജെപിയെ ലക്ഷ്യമിട്ട് ബാനർജി പറഞ്ഞു.
ഡിസംബറിലെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ പാർലമെന്റിലേക്ക് പോകുമെന്നും വിവിധ വിഷയങ്ങളിൽ സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സമയം ചോദിക്കുമെന്നും മമത വ്യക്തമാക്കി. തനിക്കും മറ്റ് തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കും സമയം നൽകിയില്ലെങ്കിൽ തെരുവിലിറങ്ങുമെന്നും മമത കൂട്ടിച്ചേർത്തു.

