ജെറുസലേം:വെടിനിർത്തൽ തുടരുന്നതിനിടെ ജറുസലേമില്‍ ഭീകരാക്രമണം. രണ്ട് അക്രമികള്‍ നടത്തിയ വെടിവെപ്പില്‍(Shooting) മൂന്ന് ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. വെയ്സ്മാന്‍ സ്ട്രീറ്റിലെത്തിയ രണ്ട് പലസ്തീന്‍ അക്രമികള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 7.40നായിരുന്നു ഭീകരാക്രമണമെന്ന്(terror attack) പോലീസ് പറഞ്ഞു.
ഡ്യൂട്ടിയിലില്ലാത്ത രണ്ട് സൈനികരും സായുധരായ ഒരു സിവിലിയനും ഉടന്‍ തന്നെ അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ത്തു.ഇതില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിലര്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയും കാത്തിരിക്കുമ്പോള്‍ പെട്ടെന്ന് രണ്ട് അക്രമികള്‍ വന്ന് വെടിവയ്ക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം.
മുറാദ് നാംര്‍ (38), ഇബ്രാഹിം നാംര്‍ (30) എന്നിവരാണ് അക്രമികളെന്ന് ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് അറിയിച്ചു. ഇരുവരും ഹമാസുമായി ബന്ധമുള്ളവരും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് നേരത്തെയും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. 2010 നും 2020 നും ഇടയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന് മുറാദ് നിരവധി തവണ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് ഷിന്‍ ബെറ്റ് പറയുന്നു.അതേ സമയം 2014ല്‍ ഇബ്രാഹിം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
അക്രമികളുടെ പക്കല്‍ എം-16 തോക്കും കൈത്തോക്കും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.ഇവരുടെ വാഹനത്തില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഈ ആക്രമണത്തില്‍ 24 കാരിയായ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.അതേസമയം, ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഒരു സ്ത്രീയും പുരുഷനും മരിച്ചത്.താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഒരു ദിവസം കൂടി നീട്ടാന്‍ ഇസ്രായേലും ഹമാസും സമ്മതിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ ഈ ഭീകരാക്രമണം നടന്നത്.
വെടിനിർത്തൽ കരാറിന് പകരമായി 12 ബന്ദികളെ അതിൽ 10 പേർ ഇസ്രായേലികളും രണ്ട് വിദേശ പൗരന്മാരുമാണ്. ഇതേ തുടർന്ന് 30 പലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. വെടി നിർത്തൽ കരാറിനും ബന്ദികളുടെ മോചനത്തിനും മധ്യസ്ഥത വഹിച്ച ഖത്തറിന് സന്ധി നീട്ടാൻ കഴിയുമോ എന്ന കാര്യത്തിലാണ് ലോകം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉടമ്പടിയുടെ ഭാഗമായി 150 പേരിൽ 81 ബന്ദികളെ ഹമാസ് ഇതുവരെ മോചിപ്പിച്ചത്. ഇവരിൽ കൂടുതലും ഇസ്രായേലി സ്ത്രീകളും കുട്ടികളും വിദേശ പൗരന്മാരും ആയിരുന്നു. 180 പലസ്തീൻ തടവുകാരെ ഇസ്രായേൽ വെടിനിർത്തൽ പ്രകാരം മോചിപ്പിച്ചിട്ടുണ്ട്. ഹമാസും ഇസ്രായേൽ സൈന്യവും തമ്മിലുള്ള പോരാട്ടത്തിന് ഇട്ട താൽക്കാലിക വിരാമം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

