ഇസ്ലാമാബാദ് : തീവ്ര മതപ്രഭാഷകനും ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ അറിയപ്പെടുന്ന പിന്തുണക്കാരനുമായ മൗലാന ഷേര്‍ ബഹാദൂറിനെ അജ്ഞാതര്‍ വെടിവച്ച് കൊന്നു .പെഷവാറിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ വച്ചാണ് അജ്ഞാതര്‍ മൗലാനയെ കൊലപ്പെടുത്തിയത്.
മൗലാന ഷെര്‍ ബഹാദൂറിന്റെ മൃതദേഹത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. കട്ടിലില്‍ കിടക്കുന്ന രീതിയിലാണ് മൃതദേഹം . പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിയേറ്റത് തല്‍ക്ഷണം മരണത്തിനിടയാക്കിയെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ ജയ്‌ഷെ മുഹമ്മദ് കമാൻഡര്‍ യൂനുസ് ഖാനെ അജ്ഞാതര്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മൗലാന ഷെര്‍ ബഹാദൂറിന്റെ മരണം. സംഘടനയിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ യൂനുസ്ഖാൻ സജീവമായി ഇടപെട്ടിരുന്നു. മൗലാന മസൂദ് അസ്ഹറുമായി അടുത്ത ബന്ധമുള്ള മറ്റൊരു ജയ്ഷെ മുഹമ്മദ് ഭീകരൻ മൗലാന റഹീമുള്ള താരിഖ് നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളുടെ നേതാക്കൾ പാകിസ്ഥാനിൽ കൊല്ലപ്പെടുന്നത് ഒരു തുടർക്കഥ ആവുകയാണ്.നാളിതുവരെ തീവ്രവാദികളുടെ സുരക്ഷിത താവളം എന്ന നിലയിലാണ് പാകിസ്ഥാൻ മാറിയിരുന്നത് എന്നാൽ തുടരെ തുടരെയുള്ള മരണങ്ങൾ തീവ്രവാദ നേതാക്കളിൽ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

