നല്ല ഭരണത്തിന്റെ രാഷ്ട്രീയത്തിനും വികസനത്തിനും ഒപ്പമാണ് ജനങ്ങളെന്ന് മോദി .

ഡല്‍ഹി: നല്ല ഭരണത്തിന്റെ രാഷ്ട്രീയത്തിനും വികസനത്തിനും ഒപ്പമാണ് ജനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി ഭരണം ഉറപ്പിച്ചതിനെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.ബിജെപിക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നരേന്ദ്രമോദി നന്ദി അറിയിച്ചു.

ബിജെപിക്കുള്ള പിന്തുണ ഓരോ വര്‍ഷവും കൂടുകയാണ്. വരും വര്‍ഷങ്ങളിലും ഇത് തുടരും. തെലങ്കാനയുമായി ബിജെപിക്കുള്ള ബന്ധം ആര്‍ക്കും തകര്‍ക്കാനാകില്ല. തെലങ്കാനയില്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയത്തിനായി പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

വൈകിട്ട് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടക്കുന്ന വിജയാഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.രാജസ്ഥാനില്‍ ആകെ 199 സീറ്റില്‍ 115 സീറ്റില്‍ ബിജെപിയാണ് മുൻപിൽ എത്തിയത്. 69 സീറ്റിൽ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. മധ്യപ്രദേശില്‍ ആകെ 230 സീറ്റുകളില്‍ വൻ മുന്നേറ്റമാണ് ബിജെപി കാഴ്ച വച്ചത്.ഇവിടെയുള്ള 164 സീറ്റുകളിലും ബിജെപി ആണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന് 65 സീറ്റുകളിലാണ് ലീഡ് നേടാന്‍ കഴിഞ്ഞത്. കോൺഗ്രസിന് ഉറച്ച പ്രതീക്ഷയുണ്ടായിരുന്ന ഛത്തീസ്ഗഢില്‍ ആകെയുള്ള 90 സീറ്റുകളില്‍ 56 ല്‍ ബിജെപിയും 34 ല്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.

തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം. ആകെയുള്ള 119 സീറ്റുകളില്‍ 63 സീറ്റില്‍ കോണ്‍ഗ്രസും 40 സീറ്റില്‍ ബിആര്‍എസും 9 സീറ്റില്‍ ബിജെപിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്.കഴിഞ്ഞ തവണ ബിജെപിക്ക് തെലുങ്കാനയിൽ ഒരു സീറ്റ് മാത്രമാണ് ജയിക്കാൻ കഴിഞ്ഞിരുന്നത്.