വോട്ടിംഗ് മെഷീനിൽ എനിക്ക് വിശ്വാസം ;ദ്വിഗ് വിജയ് സിംഗിനെ തള്ളി കാർത്തി.

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിൻ്റെ ആരോപണത്തെ തള്ളി കാര്‍ത്തി ചിദംബരം എംപി രംഗത്ത്.തനിക്ക് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വിശ്വാസമുണ്ടെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു. എന്നാല്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് വ്യത്യസ്‌ത അഭിപ്രായം ഉണ്ടെന്നറിയാം. എങ്കിലും നിലപാട് മാറില്ലെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി സംശയിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പോസ്റ്റല്‍ ബാലറ്റ് കണക്കുകള്‍ പുറത്തുവിട്ട് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗാണ് രംഗത്തെത്തിയത്. ഇതിന് പിറകെയാണ് ഇവിഎമ്മില്‍ വിശ്വാസമുണ്ടെന്ന പരാമര്‍ശവുമായി കാര്‍ത്തിയെത്തിയത്.മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ പോസ്റ്റല്‍ ബാലറ്റ് കണക്കുപ്രകാരം 190 സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് ലീഡെന്ന്ദ്വിഗ് വിജയ് സിംഗ് പറയുന്നു. ഈ വോട്ടിംഗ് പാറ്റേണ്‍ സമ്ബൂര്‍ണ്ണമായി മാറിയത് എങ്ങനെയാണ്. എത്രനാള്‍ ജനം നിശബ്ദരായി ഇരിക്കുമെന്നും ദ്വിഗ് വിജയ് സിംഗ് ചോദിക്കുന്നു. പോസ്റ്റല്‍ ബാലറ്റ് കണക്കുകള്‍ നിരത്തിയാണ് ദ്വിഗ് വിജയ് സിംഗിൻ്റെ ആരോപണം. 2003 മുതല്‍ താൻ ഇവിഎമ്മിന് എതിരാണ്. ജനാധിപത്യത്തെ പ്രൊഫഷണല്‍ ഹാക്കര്‍മാര്‍ നിയന്ത്രിക്കുന്നത് തടയണം. രാഷ്ട്രീയപാര്‍ട്ടികള്‍ വിഷയം ഗൗരവത്തോടെ എടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനും, സുപ്രീംകോടതിയും ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.