അടുത്ത ഭീകരനും പടമായി;അജ്ഞാതൻറെ വിളയാട്ടത്തിൽ അന്തംവിട്ട് പാക്കിസ്ഥാൻ .

ന്യൂഡൽഹി:കുറച്ചുനാളുകളായി പാകിസ്ഥാൻ  അജ്ഞാതൻ്റെ പിടിയിലാണ്. ഇന്ത്യയുടെ ലിസ്റ്റിൽ ഇടം പിടിച്ച ഭീകരർ ഒന്നൊന്നായി അജ്ഞാതൻ്റെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന വാർത്തകളാണ് ഇടതടവില്ലാതെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ മറ്റൊരു പ്രധാന ശത്രു കൂടി പാകിസ്ഥാനിൽ അജ്ഞാതനാൽ കൊല്ലപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിലുള്ള വ്യക്തിയായ ഹഞ്ജല അദ്‌നാൻ എന്ന അദ്‌നാൻ അഹമ്മദിനെയാണ്  കറാച്ചിയിൽ അജ്ഞാതർ കൊലപ്പെടുത്തിയത്. ലഷ്‌കറെ ത്വയ്ബയുടെ പ്രധാന പ്രവർത്തകരിൽ ഒരാളാണ് അദ്‌നാൻ അഹമ്മദ്. 2016ൽ പാംപോറിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹഞ്ജലയായിരുന്നു. ഈ ആക്രമണത്തിൽ എട്ട് സൈനികർ വീരമൃത്യു വരിക്കുകയും 22 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

മാത്രമല്ല, 2015ൽ ജമ്മുവിലെ ഉധംപൂരിൽ ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെ ഹഞ്ജലയുടെ നേതൃത്വത്തിൽ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ രണ്ട് ബിഎസ്എഫ് ജവാന്മാർ വീരമൃത്യു വരിക്കുകയും 13 ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്യുകയുണ്ടായി. അന്നത്തെ ആക്രമണം സംബന്ധിച്ച് എൻഐഎ അന്വേഷിക്കുകയും 2015 ഓഗസ്റ്റ് ആറിന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഈ രണ്ട് ആക്രമണങ്ങളിലും ഹഞ്ജല പാകിസ്ഥാനിലിരുന്നുകൊണ്ട് ഭീകരർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. 

ജമ്മു കശ്മീരിലെ ശ്രീനഗർ, പുൽവാമ മേഖലകളിൽ നടന്ന ചാവേർ ആക്രമണങ്ങളിൽ ഹഞ്ജലയ്ക്ക് വലിയ പങ്കുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ഭീകരാക്രമണം നടത്താനായി പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ഭീകരരെ പരിശീലിപ്പിക്കാൻ ഹഞ്ജലയെ പിഒകെയിലെ ലഷ്‌കർ ക്യാമ്പിലേക്ക് അയച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാളെ ലഷ്‌കർ കമ്മ്യൂണിക്കേഷൻ വിദഗ്ധൻ എന്നും വിളിച്ചിരുന്നു.