തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരവകുപ്പ് ചുമത്തി.ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. ഈ നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതില്‍ ഗവര്‍ണര്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഐപിസി 124 വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടവകുപ്പ് പോലീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.എസ്‌എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ കാര്‍ നിര്‍ത്തി നടുറോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധിച്ചിരുന്നു.തിരുവനന്തപുരം പേട്ട പള്ളിമുക്കിലാണ് അസാധാരണ സംഭവങ്ങള്‍ നടന്നത്. തനിക്ക് മതിയായ സുരക്ഷയൊരുക്കിയില്ലെന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍, തന്നെ കായികമായി നേരിടാൻ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോടെയാണ് എസ്‌എഫ്‌ഐ ഗുണ്ടകള്‍ ഇറങ്ങിയതെന്നും പറഞ്ഞു. ഇനിയും ഇത്തരം നടപടികളുണ്ടായാല്‍ അതിനെ അവിടെ ചോദ്യം ചെയ്യാനാണ് ഗവര്‍ണറുടെ തീരുമാനം.രാജ്ഭവൻ മുതല്‍ എയര്‍പോര്‍ട്ട് വരേയുള്ള യാത്രയ്ക്കിടെ മൂന്നിടത്താണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. പാളയം, ജനറല്‍ ഹോസ്പിറ്റല്‍, പേട്ട എന്നിവിടങ്ങളിലാണ് പ്രതിഷേധം ഉണ്ടായത്. തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുന്നുവെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നത്. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണെന്ന് പറഞ്ഞ അദ്ദേഹം എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ ബ്ലഡ് ക്രിമിനല്‍സ് എന്നും വിളിച്ചു. പ്രതിഷേധം ഉണ്ടാകുന്നിടത്ത് തന്നെ ഗവര്‍ണര്‍ പ്രതിഷേധിക്കുന്നത് ആദ്യമായാണ്. സുരക്ഷാ കാരണങ്ങളാല്‍ ആരും അതിന് മുതിരാറില്ല.ക്രിമിനലുകള്‍ വാഹനത്തിന്റെ ചില്ലില്‍ വന്നിടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. നാലുവര്‍ഷം മുമ്ബ് കണ്ണൂരില്‍ വച്ചും ആക്രമിക്കാൻ ശ്രമം നടന്നു. ഗുണ്ടകള്‍ തിരുവനന്തപുരം നഗരം ഭരിക്കാൻ ശ്രമിക്കുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതുകൊണ്ട് തനിക്കെതിരെ ഭീഷണിയാണോ? പൊലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ കാറിന് മുന്നില്‍ ഇങ്ങനെ വരാനാകുമോ? തലസ്ഥാനത്ത് ഗുണ്ടാ ഭരണമാണെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍, ഇതാണോ തനിക്കുള്ള സുരക്ഷയെന്നും ചോദിച്ചു. സംസ്ഥാന സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കുന്ന ചോദ്യങ്ങളാണ് നടു റോഡില്‍ നിന്ന് ഗവര്‍ണര്‍ ചോദിച്ചത്.

