സ്റ്റാലിന് തിരിച്ചടി; കെ.പൊന്മുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും മൂന്ന് വര്‍ഷം  തടവ്

ചെന്നൈ: അനധികൃത സ്വത്തുസമ്ബാദനക്കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും മൂന്ന് വര്‍ഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ച്‌ മദ്രാസ് ഹൈക്കോടതി. 2006നും 2010-നും ഇടയില്‍ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്ബാദിച്ചെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതോടെ അഴിമതിനിരോധന നിയമപ്രകാരം പൊന്മുടിക്ക് എംഎ‍ല്‍എ. സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടപ്പെടും.പൊന്മുടിക്കെതിരായ ഉത്തരവ് ഡിഎംകെയ്ക്കും തിരിച്ചടിയായി. ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മറ്റേതെങ്കിലും മന്ത്രി ആയിരുന്നെങ്കില്‍ സമീപനം വ്യത്യസ്തമായേനെയെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ പൊന്മുടി കുറ്റം ചെയ്തത് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ആണ്. ഭാവിതലമുറയെ ബാധിക്കുന്ന വിഷയം ആണെന്നും ഹൈക്കോടതി പറഞ്ഞു. ഉത്തരവിനെതിരെ മന്ത്രി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് സൂചന.മന്ത്രി കെ. പൊന്മുടിയെയും ഭാര്യ പി. വിശാലാക്ഷിയെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കീഴ്ക്കോടതിവിധി മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. ഇരുവരും കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി ശിക്ഷാവിധിക്കായി വ്യാഴാഴ്ച ഹാജരാകാൻ മന്ത്രിയോടും ഭാര്യയോടും ആവശ്യപ്പെട്ടിരുന്നു. കരുണാനിധി മന്ത്രിസഭയില്‍ ഖനിവകുപ്പ് കൈകാര്യം ചെയ്തിരുന്ന പൊന്മുടി 2006 ഏപ്രില്‍ 13-നും 2010 മാര്‍ച്ച്‌ 31-നും ഇടയില്‍ 1.79 കോടി രൂപ അവിഹിതമായി സമ്ബാദിച്ചെന്നാണ് വിജിലൻസ് കേസ്.

2011-ല്‍ എ.ഐ.എ.ഡി.എം.കെ. ഭരണകാലത്ത് രജിസ്റ്റര്‍ചെയ്ത കേസില്‍ വിഴുപുരത്തെ പ്രത്യേകകോടതി 2016-ല്‍ ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നു. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന്കഴിഞ്ഞിട്ടില്ലെന്നായിരുന്നു ജഡ്ജി ടി. സുന്ദരമൂര്‍ത്തിയുടെ വിധി. അതിനെ ചോദ്യംചെയ്ത് 2017-ല്‍ വിജിലൻസ് നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ബെഞ്ച് ചൊവ്വാഴ്ച വിധിപറഞ്ഞത്.

ശിക്ഷപ്രഖ്യാപിക്കുംമുമ്ബ് മന്ത്രിക്കും ഭാര്യക്കും പറയാനുള്ളത് കേള്‍ക്കാനായി വ്യാഴാഴ്ച നേരിട്ടോ വീഡിയോ കോണ്‍ഫറൻസിങ്ങിലൂടെയോ ഹാജരാകാൻ കോടതി നിര്‍ദ്ദേശിച്ചിരുന്നു എം.കെ. സ്റ്റാലിന്റെ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ പൊന്മുടിക്ക് ശിക്ഷ ലഭിക്കുന്നത് ഡി.എം.കെ.യ്ക്ക് തിരിച്ചടിയണ്.

അനധികൃത സ്വത്തുസമ്ബാദനം സംബന്ധിച്ച മറ്റൊരു കേസില്‍ പൊന്മുടിയെകുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ജില്ലാകോടതി വിധി മദ്രാസ് ഹൈക്കോടതി പുനഃപരിശോധിക്കുന്നതിനിടെയാണ് സമാന സ്വഭാവമുള്ള കേസില്‍ പ്രതികൂലവിധി വരുന്നത്.

കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ. സര്‍ക്കാരില്‍ ഗതാഗതവകുപ്പു കൈകാര്യംചെയ്യവേ 1.4 കോടി രൂപയുടെ അവിഹിത സ്വത്ത് സമ്ബാദിച്ചെന്ന കേസില്‍ വെല്ലൂര്‍ പ്രിൻസിപ്പല്‍ ജില്ലാകോടതി ഈ വര്‍ഷം ജൂണ്‍ 28-നാണ് പൊന്മുടിയെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കിയത്.

കേസിന്റെ വിചാരണയില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ ബെഞ്ചാണ് കേസ് സ്വമേധയാപുനഃപരിശോധനയ്‌ക്കെടുത്തത്. ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ബെഞ്ചിലാണ് വാദം നടക്കുന്നത്.

വിഴുപ്പുറം ജില്ലയില്‍ നിന്നുള്ള പ്രമുഖ ഡിഎംകെ നേതാവാണ് പൊന്മുടി. വിഴുപ്പുറം സര്‍ക്കാര്‍ കോളേജിലെ അദ്ധ്യാപക ജോലി വിട്ടാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. 1989ല്‍ ആദ്യമായി എംഎല്‍എ ആയപ്പോള്‍ ആരോഗ്യമന്ത്രി സ്ഥാനവും ലഭിച്ചിരുന്നു. ആറു തവണ നിയമസഭയിലേക്ക് വിജയിച്ചു. 1996 മുതല്‍ 5 വര്‍ഷം ഗതാഗത മന്ത്രിയായിരുന്നു. 2006-2011 വിദ്യാഭ്യാസം, ഖനി വകുപ്പുകളുടെ മന്ത്രിയായി. സ്റ്റാലിൻ സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനമാണ് വഹിച്ചിരുന്നത്.