രാഹുൽ വീണ്ടും ഇന്ത്യാ യാത്രക്ക്.ഭാരത് ന്യായ് യാത്ര ജനുവരിയിൽ.

ന്യൂ ഡൽഹി: കോൺഗ്രസ്സിന്റെ രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്ക്ക് ജനുവരി 14ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തുടക്കം കുറിക്കും. ഭാരത് ജോഡോ യാത്രയെ ‘ഭാരത് ന്യായ് യാത്ര’ എന്ന് പുനർനാമകരണം ചെയ്തു. വടക്കുകിഴക്കൻ മണിപ്പൂരിൽ നിന്ന് ആരംഭിച്ച് മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഇത്തവണ യാത്ര സമാപിക്കുക . രാജ്യത്തിന്റെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയുള്ള ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തവണ ഭാരത് ന്യായ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ന്യായ് യാത്ര കടന്നുപോകും. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 6,200 കിലോമീറ്ററിലാണ് യാത്ര നടത്തുന്നത്.

ജനുവരി 14ന് മണിപ്പൂരിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും. ജനങ്ങൾക്ക് പരമാവധി പ്രവേശനം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ഭാരത് ന്യായ് യാത്രയുടെ യാത്രാ മാർഗം ബസുകളായിരിക്കും. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ബുധനാഴ്ച വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ദക്ഷിണേന്ത്യയിലെ കന്യാകുമാരിയിൽ ആരംഭിച്ച് വടക്ക് കാശ്മീരിൽ അവസാനിച്ച കഴിഞ്ഞ ഭാരത് ജോഡോ യാത്രയെ അദ്ദേഹം “ചരിത്ര യാത്ര” എന്നാണ് വിശേഷിപ്പിച്ചത്.

“ഇപ്പോൾ, ആദ്യ ഭാരത് ജോഡോ യാത്രയിൽ നിന്ന് മികച്ച അനുഭവം ഉള്ള ഒരു യാത്രയാണ് രാഹുൽ ഗാന്ധി നടത്തുന്നത്. ഈ യാത്ര യുവാക്കൾ, സ്ത്രീകൾ, പാർശ്വവൽക്കരിക്കപ്പെട്ട ആളുകളുമായി സംവദിക്കാൻ ലക്ഷ്യമിട്ടാണ് നടത്തുന്നത്,” വേണുഗോപാൽ പത്രസമ്മേളനത്തിൽ പറഞ്ഞു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഭാരത് ന്യായ് യാത്രയുടെ പ്രഖ്യാപനം.