ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങൾ വിജയം കണ്ടു; നാവികരുടെ വധശിക്ഷ റദ്ദാക്കി.


ചാര പ്രവർത്തനം ആരോപിച്ച് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളുടെ  ശിക്ഷ ഖത്തര്‍ കോടതി റദ്ദാക്കി.  ശിക്ഷാ വിധിക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി അംഗീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് സംഭവവികാസം. കേസില്‍ വിശദമായ വിധിന്യായത്തിനായി കാത്തിരിക്കുകയാണെന്നും അടുത്ത നടപടികളെക്കുറിച്ച് തീരുമാനിക്കാന്‍ ഇന്ത്യന്‍ അധികാരികള്‍ നിയമ സംഘവുമായും കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഒരു വര്‍ഷത്തിലേറെയായി രാജ്യത്ത് തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളെ ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.  

‘ദഹ്റ ഗ്ലോബല്‍ കേസില്‍ ശിക്ഷകള്‍ കുറച്ച ഖത്തറിലെ അപ്പീല്‍ കോടതിയുടെ ഇന്നത്തെ വിധി ഞങ്ങള്‍ ശ്രദ്ധിച്ചു. വിശദമായ വിധിക്കായി കാത്തിരിക്കുകയാണ്,’ എം ഇ എ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

‘ഖത്തറിലെ ഞങ്ങളുടെ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്ന് അപ്പീല്‍ കോടതിയില്‍ ഹാജരായിരുന്നു. വിഷയത്തിന്റെ തുടക്കം മുതല്‍ ഞങ്ങള്‍ അവര്‍ക്കൊപ്പം നിന്നു. എല്ലാ കോണ്‍സുലാര്‍, നിയമ സഹായങ്ങളും ഞങ്ങള്‍ തുടര്‍ന്നും നല്‍കും. ഖത്തര്‍ അധികാരികളുമായി വിഷയം ചര്‍ച്ച ചെയ്യുന്നതും തുടരും,’ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.