മോദിക്കെതിരെ അപകീർത്തികരമായ പ്രതികരണം; മൂന്ന് മാലി മന്ത്രിമാർക്കെതിരെ നടപടി.

മാലി:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് വൻ വിവാദമായതിനെ പിന്നാലെ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സര്‍ക്കാര്‍ സസ്‌പെൻഡ് ചെയ്തു.മറിയം ഷിവുന, മല്‍ഷ, ഹസൻ സിഹാൻ എന്നീ മന്ത്രിമാരെ സസ്‌പെൻഡ് ചെയ്തതായി മാലിദ്വീപ് സര്‍ക്കാര്‍ വക്താവ് ഇബ്രാഹിം ഖലീലിനെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടെ ഉയര്‍ന്നുവന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍. മോദി കോമാളിയും ഇസ്രാഈലിന്‍റെ പാവയും എന്നായിരുന്നു യുവജന ശാക്തീകരണ ഉപമന്ത്രി മറിയം ഷിവുനയുടെ എക്സിലെ പോസ്റ്റ്.ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്നും ബീച്ച്‌ ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്സൂമും എക്‌സില്‍ കുറിച്ചിരുന്നു. മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ നയതന്ത്രബന്ധത്തെ ബാധിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങിയപ്പോഴാണ് മാലദ്വീപ് സര്‍ക്കാരിന്റെ നടപടിയുണ്ടായിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യപരമായും ഉത്തരവാദിത്തപരമായും വിദ്വേഷവും നിഷേധാത്മകതയും പ്രചരിപ്പിക്കാത്ത രീതിയിലും മാലിദ്വീപും അതിന്റെ അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള അടുത്ത ബന്ധത്തെ തടസ്സപ്പെടുത്തുന്ന രീതിയിലും ഉപയോഗിക്കണമെന്ന് വിശ്വസിക്കുന്നതായി മാലിദ്വീപ് സർക്കാർ പറഞ്ഞു. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന്റെ ബന്ധപ്പെട്ട അധികാരികൾ മടിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.മറിയം ഷിവുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കുകയും ചെയ്തു.മാലദ്വീപ് സർക്കാർ ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ ഇന്ത്യയ്‌ക്കെതിരെ വിദ്വേഷകരമായ ഭാഷ ഉപയോഗിക്കുന്നതിനെ മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് അപലപിച്ചു. “ഇന്ത്യയ്‌ക്കെതിരെ മാലദ്വീപ് സർക്കാർ ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ വിദ്വേഷകരമായ പദപ്രയോഗം നടത്തുന്നതിനെ ഞാൻ അപലപിക്കുന്നു. ഇന്ത്യ എക്കാലവും മാലിദ്വീപിന്റെ നല്ല സുഹൃത്താണ്, അത്തരം മോശം പരാമർശങ്ങൾ നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പഴയ സൗഹൃദത്തെ പ്രതികൂലമായി ബാധിക്കാൻ അനുവദിക്കരുത്,” അദ്ദേഹം പറഞ്ഞു. എക്‌സിലെ ഒരു പോസ്റ്റിൽ പ്രതികരിച്ചു.

.