കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ലൈബീരിയൻ കപ്പലിനെ ഇന്ത്യൻ സേന രക്ഷപെടുത്തി.

ന്യൂഡൽഹി:സൊമാലിയൻ തീരത്ത് തകർന്നചരക്ക് കപ്പലിലെ 15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാരെയും സേന രക്ഷപ്പെടുത്തി. എംവി ലീല നോർഫോക്ക് എന്ന ചരക്ക് കപ്പൽ അപകട സൂചന നൽകിയതിനെത്തുടർന്നാണ് നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ രക്ഷാ പ്രവർത്തനത്തിന് പുറപ്പെട്ടത്. നാവികസേനയുടെ എലൈറ്റ് മറൈൻ കമാൻഡോകൾ അല്ലെങ്കിൽ മാർക്കോസ് കപ്പലിൽ തിരച്ചിൽ നടത്തിയെങ്കിലും കടൽക്കൊള്ളക്കാരെ കണ്ടെത്താനായില്ല. എംവി ലീല നോർഫോക്ക് എന്ന കപ്പൽ ബ്രസീലിലെ പോർട്ട് ഡു അക്കോയിൽ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാനിലേക്ക് പോകുകയായിരുന്നു. ജനുവരി നാലിന് വൈകുന്നേരം അഞ്ചോ ആറോ അജ്ഞാതരായ സായുധ ഉദ്യോഗസ്ഥർ കപ്പലിൽ  കയറിയെന്ന് വ്യാപാര കപ്പൽ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) പോർട്ടലിന് സന്ദേശം അയച്ചെന്ന് ഇന്ത്യൻ നാവികസേനയുടെ പ്രസ്താവനയിൽ പറയുന്നു. 

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ, മാരിടൈം പട്രോൾ എയർക്രാഫ്റ്റ് പി-8ഐ, ലോംഗ് റേഞ്ച് പ്രിഡേറ്റർ എംക്യു9ബി ഡ്രോൺ എന്നിവ കപ്പലിനെ സഹായിക്കാൻ വിന്യസിച്ചിരുന്നു. ഐ‌എൻ‌എസ് ചെന്നൈ അവരുടെ ആന്റി പൈറസി പട്രോളിംഗിൽ നിന്ന് വഴിതിരിച്ചുവിടുകയും ഉച്ചകഴിഞ്ഞ് 3.15 ന് വടക്കൻ അറബിക്കടലിൽ വച്ച് കപ്പലിനെ തടയുകയും ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ നാവികസേനയുടെ വിമാനം കപ്പലുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് നാവികസേന ചരക്ക് കപ്പലിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയും ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു.