66 ഏക്കറിലായി ജെല്ലിക്കെട്ട് വേദി ; കോടികളുടെ പ്രോജക്ട് ഉദ്ഘാടനം ചെയ്തു.

ചെന്നൈ:തമിഴ്നാട്ടിൽ കോടികളുടെ ജെല്ലിക്കെട്ട് വേദിഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തന്റെ പിതാവും അന്തരിച്ച ഡിഎംകെ സ്ഥാപക നേതാവുമായ എം കരുണാനിധിയുടെ പേരിലാണ് സ്‌റ്റേഡിയം. കീലക്കരൈയിലെ കലൈഞ്ജര്‍ ശതാബ്ദി ജല്ലിക്കെട്ട് അരീന 5000 കാണികളെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ 44 കോടി രൂപ ചെലവഴിച്ച് 66 ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം നടത്തിയത്. 2014ല്‍ സംസ്ഥാനത്ത് ജെല്ലിക്കെട്ട് നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും മൂന്ന് വര്‍ഷത്തിന് ശേഷം ചെന്നൈയിലെ മറീനയില്‍ ജല്ലിക്കെട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് വന്‍ ജനകീയ പ്രതിഷേധം നടത്തിയെന്നും എംകെ സ്റ്റാലിന്‍ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.സമാധാനപരമായ പ്രതിഷേധക്കാര്‍ക്കെതിരെ അന്നത്തെ എഐഎഡിഎംകെ സര്‍ക്കാര്‍ അക്രമം അഴിച്ചുവിട്ടു. എന്നാല്‍ ഒടുവില്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് ഭരണകൂടം വഴങ്ങി. എന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഉണ്ടായിട്ടില്ലെന്നും എല്ലാ വര്‍ഷവും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കിയതിന്റെ പേരില്‍ നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 1,000 വര്‍ഷം പഴക്കമുള്ള പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ട് ഉത്സവത്തിന് മുന്നോടിയായാണ് ഉദ്ഘാടനം നടന്നത്.