അമൃത്സർ :പഞ്ചാബിൽ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മാന്‍ വ്യക്തമാക്കി. ഇരു പാര്‍ട്ടികളും പ്രതിപക്ഷത്തിന്റെ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളാണ്.
ഒറ്റയ്ക്ക് മത്സരിക്കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനം എഎപി പിന്തുടരുമോയെന്നും ചോദിച്ചപ്പോള്‍ പഞ്ചാബില്‍ ഞങ്ങള്‍ അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഞങ്ങള്‍ക്ക് കോണ്‍ഗ്രസുമായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 13 ലോക്സഭാ സീറ്റുകളിലും പാര്‍ട്ടി വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. പൊതുതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് ഘടകത്തിന്റെ നിര്‍ദ്ദേശത്തിന് കെജ്രിവാള്‍ അംഗീകാരം നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചു. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന് പിടിവാശിയുണ്ടെന്ന് ആരോപിച്ച് പഞ്ചാബില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എഎപി വിസമ്മതിച്ചേക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

