വാഷിംഗ്ടൺ: ഇറാഖിലെയും സിറിയയിലെയും ഇറാൻ കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലേയും ഇറാഖിലേയും 85 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇതിനുശേഷം യുദ്ധവിമാനങ്ങള്‍ മടങ്ങി. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമായിരുന്നുവെന്നും തിരിച്ചടിയുടെ ഭാഗമായി ഉണ്ടായ നാശനഷ്‌ടത്തിന്റെ കണക്കെടുത്ത് വരുന്നതായി അമേരിക്ക വ്യക്തമാക്കി.
കമാൻഡ് ആൻഡ് കൺട്രോൾ ആസ്ഥാനം, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ, റോക്കറ്റുകളും മിസൈലുകളും, ഡ്രോൺ, വെടിമരുന്ന് സംഭരണ കേന്ദ്രങ്ങൾ, സൈന്യവുമായോ ഗാർഡിൻ്റെ പര്യവേഷണസംഘമായ ഐആർജിസിയുടെ ഖുദ്‌സ് ഫോഴ്‌സുമായോ ബന്ധിപ്പിച്ചിട്ടുള്ള മറ്റ് സൗകര്യങ്ങൾഎന്നിവിടങ്ങളിലാണ് ബോംബക്രമണം നടത്തിയത്.
വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടത് അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും ബൈഡൻ മുന്നറിയിപ്പ് നല്‍കി. “ഞങ്ങളുടെ പ്രതികരണം ഇന്ന് തുടങ്ങി. ഞങ്ങള്‍ തെരഞ്ഞെടുക്കുന്ന സമയങ്ങളിലും സ്ഥലങ്ങളിലും ഇത് തുടരും,” യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയില്‍ പറഞ്ഞു.”മിഡില്‍ ഈസ്റ്റിലോ, ലോകത്തെ മറ്റെവിടെയെങ്കിലുമോ അമേരിക്ക സംഘർഷം ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞങ്ങളെ ദ്രോഹിക്കാൻ ശ്രമിക്കുന്ന എല്ലാവരും ഇത് അറിയട്ടെ. നിങ്ങള്‍ ഒരു അമേരിക്കക്കാരനെ ഉപദ്രവിച്ചാല്‍ ഞങ്ങള്‍ പ്രതികരിക്കും “അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കൻ ജോർദാനിലെ സൈനിക ക്യാംപിനു നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് യു എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിറിയ അതിർത്തിക്കു സമീപം റുക്ബാനിലെ ടവർ 22 യു എസ് സൈനിക ക്യാംപിന് നേരെ കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന ആക്രമണത്തില്‍ 3 സൈനികർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇറാന്റെ പിന്തുണയുള്ള ഇസ്ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ് ആണ് ആക്രമണം നടത്തിയതെന്നായിരുന്നു സംഭവത്തില്‍ യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്. എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കാളിത്തമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സേനാ താവളം ആക്രമിച്ച് സൈനികരെ കൊലപ്പെടുത്തിയതിനെ അതീവ ഗൗരവത്തോടെയാണ് യു എസ് കാണുന്നത്. ജോർദാനില്‍ മൂവായിരത്തോളം യു എസ് സൈനികരാണുള്ളത്.

