ഉത്തരാഖണ്ഡ് ഏകസിവില്‍ കോഡിലേക്ക്.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനുളള നീക്കം അന്തിമഘട്ടത്തിലേക്ക്. ഇത് സംബന്ധിച്ച കരട് രേഖ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് സമിതി സമർപ്പിച്ചു.ലിവ് ഇൻ റിലേഷൻഷിപ്പുളളവർ സ്വയം സാക്ഷ്യപ്പെടുത്തി വെളിപ്പെടുത്തണം, ബഹുഭാര്യത്വത്തിൻ്റെ നിരോധനം, തുല്യ അനന്തരാവകാശം എന്നിവയാണ് കരട് രേഖയിലെ പ്രധാന നിർദേശങ്ങള്‍. മുൻ സുപ്രീംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് കരട് സമർപ്പിച്ചത്.

കരട് സമർപ്പിക്കുന്നതിനാല്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്ബില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.ഏക സിവില്‍കോഡ് നടപ്പാകുന്നതോടെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസും ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ഉം ആയിരിക്കും, വിവാഹത്തിന് നിർബന്ധമായും രജിസ്ട്രേഷൻ ഉണ്ടായിരിക്കും, വിവാഹമോചനത്തിന് ഭാര്യക്കും ഭർത്താവിനും തുല്യ കാരണങ്ങള്‍ ഉണ്ടായിരിക്കണം, ഭർത്താവിന് ബാധകമായ അതേ വിവാഹമോചന കാരണങ്ങള്‍ ഭാര്യയ്ക്കും ബാധകമായിരിക്കും, ഒരു ഭാര്യ

ജീവിച്ചിരിക്കുന്നിടത്തോളം രണ്ടാം വിവാഹം സാധ്യമല്ല, അതായത് ബഹുഭാര്യത്വം നിരോധിക്കും. അനന്തരാവകാശത്തില്‍ ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികള്‍ക്കും തുല്യാവകാശം ഉണ്ടായിരിക്കും, ലിവ്-ഇൻ ബന്ധത്തിന് പ്രഖ്യാപനം ആവശ്യമാണ്. ഇതൊരു സ്വയം പ്രഖ്യാപനം പോലെയായിരിക്കും, പട്ടികവർഗ വിഭാഗത്തെ ഏകസിവില്‍ കോഡിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കും തുടങ്ങിയ കാര്യങ്ങള്‍ ഉത്തരാഖണ്ഡ് യുസിസി കരട് രേഖയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എല്ലാ മതവിശ്വാസികള്‍ക്കും ഒരേ വിവാഹപ്രായമായിരിക്കുമെന്നും കരട് റിപ്പോർട്ടിലുണ്ട്. നാല് ഭാഗങ്ങളിലായി 800 പേജുളള റിപ്പോർട്ട് ആണ് സമർപ്പിച്ചിട്ടുളളത്. ഫെബ്രുവരി അഞ്ച് മുതല്‍ എട്ട് വരെ നടക്കുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുസിസിയുടെ കരട് രേഖ ലഭിച്ചശേഷം ശനിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാന സർക്കാർ ഇതിന് അംഗീകാരം നല്‍കും. 


നേരത്തെ ഏകീകൃത സിവില്‍ കോഡിനെ (യുസിസി) സംബന്ധിച്ച നിയമ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സ്വവര്‍ഗ വിവാഹം ഉള്‍പ്പെടുത്തില്ലെന്ന സൂചനകളുണ്ടായിരുന്നു. നിയമങ്ങളുടെ കൂട്ടത്തില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹങ്ങള്‍ ഉള്‍പ്പെടും. എന്നാല്‍ സ്വവര്‍ഗ വിവാഹങ്ങള്‍ യുസിസിയുടെ പരിധിയില്‍ വരില്ല. ജാതി, മതം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ ഓരോ ഇന്ത്യന്‍ പൗരന്റെയും വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ എന്നിവ നിയന്ത്രിക്കുന്നതിന് ഒരേ തരത്തിലുള്ള സിവില്‍ നിയമങ്ങള്‍ രൂപീകരിക്കാനും നടപ്പിലാക്കാനുമുള്ള നിര്‍ദ്ദേശമാണ് യുസിസി കൊണ്ട് ഉദ്ദേശിക്കുന്നത്. അത് നിലവിലുള്ള മതത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങള്‍ക്ക് പകരമാവും അവതരിപ്പിക്കുക.

കൂടാതെ, കമ്മീഷന്‍ റിപ്പോര്‍ട്ട് വിവാഹവുമായി ബന്ധപ്പെട്ട മതങ്ങളുടെ ആചാരങ്ങളെയോ, അനുഷ്ഠാനങ്ങളെയോ നിയന്ത്രിക്കില്ല. അതേസമയം ഏകീകൃത നിയമങ്ങള്‍ വിവാഹമോചനം, പരിപാലനം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ബഹുഭാര്യത്വം, നിക്കാഹ് ഹലാല, ഏകപക്ഷീയമായ വിവാഹമോചനം തുടങ്ങിയവയെ എതിര്‍ക്കുന്ന നിയമ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്നും വിവരമുണ്ട്.