അധികാരത്തിൽ വന്നാൽ പഴയ പാർലമെൻ്റിലേക്ക്; സഞ്ജയ് റാവത്ത്.

ഡല്‍ഹി : പുതിയ പാർലമെൻ്റിനെതിരെ ശിവസേന ഉദ്ധവ് വിഭാഗം നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്.പുതിയ പാർലമെന്‍റ് കെട്ടിടത്തെ ‘പഞ്ചനക്ഷത്ര ജയിലി’നോടാണ് അദ്ദേഹം ഉപമിച്ചത്. പ്രചോദനാത്മകമായ ചർച്ചകളൊന്നും അവിടെ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ന്യൂഡല്‍ഹിയിലെ സെൻട്രല്‍ വിസ്റ്റയുടെ അവസ്ഥ എല്ലാവരും ഒന്ന് കാണണം’ -പാർലമെന്‍റ് അംഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിരാശ പ്രകടിപ്പിച്ച്‌ റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ പാർലമെന്‍റ് പ്രവർത്തിക്കാൻ പറ്റാത്ത, പഞ്ചനക്ഷത്ര ജയില്‍ പോലെയാണ്. ഇൻഡ്യ മുന്നണി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ചരിത്രപരമായ പഴയ പാർലമെന്‍റ് കെട്ടിടത്തിലേക്ക് പാർലമെന്‍റ് സമ്മേളനം മാറ്റാനുള്ള തന്‍റെ പാർട്ടിയുടെ ഉദ്ദേശ്യവും റാവത്ത് വെളിപ്പെടുത്തി. ‘ഞങ്ങള്‍ സർക്കാർ രൂപവത്കരിക്കുകയാണെങ്കില്‍ പാർലമെന്‍റ് സെഷൻ ചരിത്രപരമായ പഴയ കെട്ടിടത്തിലേക്ക് മാറ്റും’ -റാവത്ത് വ്യക്തമാക്കി.


കഴിഞ്ഞവർഷം മേയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 971 കോടി ചെലവില്‍ നിർമിച്ച കെട്ടിടത്തില്‍ ലോക്സഭാ ഹാളില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 300 അംഗങ്ങള്‍ക്കും ഒരുസമയം ഇരിക്കാനാകും.