അധികാരത്തിൽ എത്തിയാൽ ബിജെപിയെ പാഠം പഠിപ്പിക്കും; രാഹുൽ.

ന്യൂഡൽഹി:ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചുള്ള കോണ്‍ഗ്രസിനെതിരായ നീക്കത്തിന് സർക്കാർ മാറുമ്ബോള്‍ ശക്തമായ നടപടി സ്വീകരിക്കും രാഹുല്‍ ഗാന്ധി.ഇനി ഇതൊക്കെ ചെയ്യാൻ ആരും ധൈര്യപ്പെടാത്ത വിധത്തിലുള്ള നടപടിയാവും സ്വീകരിക്കുക. ഭരണം മാറുമ്ബോള്‍ ജനാധിപത്യത്തെ തകർക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും ബിജെപിയെ വിമർശിച്ചുകൊണ്ട് രാഹുല്‍ വ്യക്തമാക്കി.

നികുതി റിട്ടേണുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി 1,700 കോടി രൂപ പിഴയടയ്ക്കാനാണ് കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. നോട്ടീസ് ലഭിച്ചു മണിക്കൂറുകള്‍ക്ക് ശേഷമാണ് കേന്ദ്ര സർക്കാരിനേയും ബിജെപിയേയും വിമർശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ ബിജെപി ‘നികുതി ഭീകരത’യില്‍ ഏർപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ബിജെപി നികുതി ഭീകരതയില്‍ ഏർപ്പെട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസിനെ സാമ്ബത്തികമായി തകർക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ആദായ നികുതി വകുപ്പിന്റെ നടപടികളെ തുടർന്ന് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലില്‍ (ഐടിഎടി) കോണ്‍ഗ്രസ് അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു.

അതേ സമയം കോണ്‍ഗ്രസിന് പിന്നാലെ സിപിഐ, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാർട്ടികള്‍ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചു. സിപിഐ 23 കോടിയും, സിപിഎം 15 കോടിയും പിഴയടയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
പഴയ പാൻ കാര്ഡ് ഉപയോഗിച്ച്‌ ടാക്സ് റിട്ടേണ്‍ ചെയ്തതിനാലുളള ‘കുടിശ്ശിക’യും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനുള്ള പിഴയുമടക്കമാണ് 23 കോടി തിരിച്ചടയ്ക്കേണ്ടതെന്നാണ് സിപിഐക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നത്.

15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപയാണ് ഇതിന് പിഴയിട്ടിരിക്കുന്നത്. അതേ സമയം ആദായനികുതി വകുപ്പ് നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചതായി സിപിഎം പ്രതികരിച്ചു.