ചെന്നെ:പണമില്ലാത്തതിനാല്‍ താൻ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പരിഹസിച്ച് ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പണമില്ലെന്ന വാദം ശരിയാണെങ്കില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബി.ജെ.പിക്ക് ലഭിച്ച ഫണ്ടിന് എന്ത് സംഭവിച്ചുവെന്ന് സ്റ്റാലിൻ ചോദിച്ചു.
ഡി.എം.കെയുടെ ധർമപുരി സ്ഥാനാർഥി എ. മണിയുടെയും കോണ്‍ഗ്രസ്സിന്റെ കൃഷ്ണഗിരി സ്ഥാനാർഥി ഗോപിനാഥിന്റെയും പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ നിങ്ങള്‍ ജനങ്ങളെ കാണണം, അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം. ജനങ്ങള്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യില്ല എന്ന് അറിയാവുന്നതുകൊണ്ടല്ലേ നിങ്ങള്‍ മത്സരിക്കാത്തത്?” സ്റ്റാലിൻ നിർമല സീതാരാമനോട് ചോദിച്ചു.രാജ്യത്ത് ജനാധിപത്യവും സാമൂഹിക നീതിയും നിലനില്‍ക്കണമെങ്കില്‍ ഇൻഡ്യ സഖ്യത്തിന് വോട്ടുചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യൻ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ ഇവിടെ നിന്നും തുരത്താനുള്ള സമയമാണെന്നും സ്റ്റാലിൻ പറഞ്ഞു.

