കേജരിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ വൻ പ്രതിഷേധ റാലി .

ന്യൂഡൽഹി :കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ത്യ മുന്നണിയുടെ വൻ പ്രതിഷേധ റാലി. ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച മഹാറാലിയില്‍ പ്രധാനമന്ത്ര നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ രാംലീല മൈതാനിയില്‍ ഇന്ത്യ സഖ്യത്തിന്‍റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടക്കുന്ന റാലിയില്‍ 28 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുക്കുന്നത്.

പാവപ്പെട്ടവരില്‍നിന്ന് ഭരണഘടനയെ തട്ടിയെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില കോടീശ്വരന്മാരും ചേർന്ന് മാച്ച്‌ ഫിക്സിംഗ് നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 400 സീറ്റ് നേടാനായി മോദിയും രാജ്യത്തെ ചില കോടീശ്വരന്മാരും തമ്മില്‍ ഒത്തുകളി നടക്കുന്നു. ഇവിഎം, ഒത്തുകളി, മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കല്‍ എന്നിവയില്ലാതെ ബിജെപിക്ക് 180 സീറ്റ് പോലും നേടാനാകില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടക്കുന്നു, സര്‍ക്കാരിനെ അട്ടിമറിക്കുന്നു. മോദി ഒറ്റയ്ക്കല്ല ഇതെല്ലാം ചെയ്യുന്നത്. രാജ്യത്തെ ചില മുതലാളിമാരും മോദിയോടൊപ്പമുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് മുന്നിലുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ഹിന്ദുസ്ഥാനെ രക്ഷിക്കാനുള്ളതാണ്. ആരെയെല്ലാം നിശബ്ദമാക്കിയാലും രാജ്യത്തെ ജനങ്ങളുടെ വികാരം മൂടിവയ്ക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിയുടെ മാച്ച്‌ ഫിക്‌സിംഗിന്‍റെ ഭാഗമായാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും അറസ്റ്റ് ചെയ്തത്. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ഈ പോരാട്ടം. ജാതി സെൻസസ്, തൊഴിലില്ലായ്മ, വിലക്കയറ്റം, എന്നീ വിഷയങ്ങളെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും പണം ഏതാനും മുതലാളിമാരുടെ കൈയ്യിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.രാജ്യത്തെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ബിജെപി ആഗ്രഹിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ശരദ് പവാർ, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയവരടക്കം പ്രധാന നേതാക്കളെല്ലാം രാം ലീല മൈതാനിയിലെത്തിയിരുന്നു.

ഇവർക്കൊപ്പം കേജരിവാളിന്‍റെ ഭാര്യ സുനിതയും ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കല്പനയും വേദിയില്‍ സന്നിഹിതരായി. മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന കേജരിവാളിന്‍റെ സന്ദേശം സുനിത വേദിയില്‍ വായിച്ചു.