കാശ്മീരിൽ പതിറ്റാണ്ടുകളായി അടച്ചിട്ട പുരാതന ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുത്തു.

അനന്ത് നാഗ്: ദക്ഷിണ കശ്മീരിലെ 34 വർഷമായി അടച്ചിട്ടിരുന്ന പുരാതന ഹിന്ദു ക്ഷേത്രം ഞായറാഴ്ച കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുടെ സാന്നിധ്യത്തില്‍ ഭക്തർക്കായി വീണ്ടും തുറന്നു.ഡെപ്യൂട്ടി കമ്മീഷണർ അനന്ത്നാഗ്, സയ്യിദ് ഫക്രുദീൻ ഹമീദ്, സീനിയർ പോലീസ് സൂപ്രണ്ട് അനന്ത്നാഗ്, ഡോ.ജി.വി.സുന്ദീപ് ചക്രവർത്തി, ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ, ഉമാ ഭഗവതി അസ്തപൻ ട്രസ്റ്റ് ഭാരവാഹികൾ എന്നിവരും കേന്ദ്രമന്ത്രിയെ അനുഗമിച്ചു. ചടങ്ങിൽ രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന ഉമ ദേവിയുടെ വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു.”ബ്രഹ്മ കുണ്ഡ്, വിഷ്ണു കുണ്ഡ്, രുദ്ര കുണ്ഡ്, ശിവശക്തി കുണ്ഡ്” എന്നിങ്ങനെ അഞ്ച് നീരുറവകൾക്കിടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഉമാ നഗരി ബ്രരിയംഗൻ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഉമാ ഭഗവതി ക്ഷേത്രം 1990-കളില്‍ തീവ്രവാദം പൊട്ടിപ്പുറപ്പെടുകയും കശ്മീരി പണ്ഡിറ്റുകള്‍ താഴ്‌വരയില്‍ നിന്ന് പലായനം ചെയ്യുകയും ചെയ്തപ്പോള്‍ തകർക്കപെട്ടതായിരിന്നു.

34 വർഷത്തിന് ശേഷം ഉമാ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഈ ചരിത്ര പ്രസിദ്ധമായ ക്ഷേത്രം വീണ്ടും തുറക്കുകയാണ്. ദക്ഷിണ കശ്മീരിലെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് ഇത് വലിയ ഉത്തേജനമാണ്. ഈ ക്ഷേത്രത്തിലേക്കുള്ള വാർഷിക തീർത്ഥാടനത്തിനു പുറമേ, കശ്മീരി പണ്ഡിറ്റുകള്‍ക്ക് അതിനോട് വലിയ ബഹുമാനമുണ്ട്, ‘മാതാ ശാരദാ ദേവിക്ഷേത്രം തുറക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രവീന്ദർ പണ്ഡിത പറഞ്ഞു. വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ തീത്‌വാളില്‍ നിയന്ത്രണ രേഖയോട് ചേർന്ന് നിർമ്മിച്ച ശാരദാ ക്ഷേത്രം 2023 ലാണ് തുറന്നത്.

‘ക്ഷേത്രം വീണ്ടും തുറന്നതില്‍ കശ്മീർ പണ്ഡിറ്റുകള്‍ വളരെ സന്തുഷ്ടരാണ്. ഇന്ന് ക്ഷേത്രം സന്ദർശിച്ച്‌ പൂജയില്‍ പങ്കെടുത്തത് എല്ലാവർക്കും അത്ഭുതകരമായ അനുഭവമായിരുന്നു, ജമ്മു കശ്മീരില്‍ നിന്നും പുറത്തുനിന്നും പോലും ആളുകള്‍ വന്നിരുന്നു.’ ‘ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ നിന്നുള്ള രഞ്ജൻ ജോത്ഷി പറഞ്ഞു.കശ്മീരി പണ്ഡിറ്റുകളും മുസ്ലീങ്ങളും പ്രദേശവാസികളും ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണത്തിൽ സന്തോഷം പ്രകടിപ്പിച്ചു.

“ഞങ്ങളുടെ പണ്ഡിറ്റ് സഹോദരങ്ങളെ സാധ്യമായ വിധത്തിൽ സഹായിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്,” പ്രദേശവാസിയായ ഗുൽസാർ അഹമ്മദ് പറഞ്ഞു, 34 വർഷത്തിന് ശേഷം ക്ഷേത്രത്തിൽ ഒരു മതപരമായ ചടങ്ങ് നടന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു.