ആർട്ടിക്കിള്‍ 370, 35എ എന്നിവ പുനഃസ്ഥാപിക്കും;നാഷണല്‍ കോണ്‍ഫറൻസ്.


ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി നാഷണല്‍ കോണ്‍ഫറൻസ്. നിലവില്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനായി 12 ഗ്യാരന്റികള്‍ ഉള്‍പ്പെടുത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്.ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിള്‍ 370, 35എ എന്നിവ പുനഃസ്ഥാപിക്കുകയും സംസ്ഥാന പദവി തിരികെ നല്‍കുമെന്നതുമാണ് നാഷണല്‍ കോണ്‍ഫറൻസിന്റെ വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് രണ്ടാം മോദി സർക്കാർ ആർട്ടിക്കിള്‍ 370 റദ്ദാക്കിയത്. സംസ്ഥാനമായിരുന്ന ജമ്മു കശ്മീർ ഇതോടെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി മാറുകയായിരുന്നു.

രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്നും കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവന്ന് പുനരധിവസിപ്പിക്കുമെന്നുമാണ് മറ്റൊരു വാഗ്ദാനം. തൊഴിലിനും പാസ്പോർട്ടിനുമായുള്ള പരിശോധനകള്‍ ലഘൂകരിക്കും, അന്യായമായി പിരിച്ചുവിടുന്നത് അവസാനിപ്പിക്കും, റോഡുകളില്‍ ജനങ്ങളെ അനാവശ്യമായിഉപദ്രവിക്കുന്നത് ഇല്ലാതാക്കും എന്നിവയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുന്നു.

യുവാക്കള്‍ക്കായി സമഗ്രമായ തൊഴില്‍ പാക്കേജാണ് നാഷണല്‍ കോണ്‍ഫറൻസിന്റെ മറ്റൊരു ഗ്യാരന്റി. ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും നിയമനങ്ങളില്‍ തട്ടിപ്പ് നടക്കുന്നുവെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ഇതിന് പരിഹാരമായാണ് സമഗ്ര പാക്കേജ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, മുന്നോക്ക വിഭാഗത്തിലെ പിന്നോക്കമായ സ്ത്രീകള്‍ക്ക് പ്രതിമാസം 5,000 രൂപ, മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് 12 സൗജന്യ പാചകവാതക സിലിണ്ടറുകള്‍, വിധവാ പെൻഷൻ തുക വർധനവ് എന്നിവയും നാഷണല്‍ കോണ്‍ഫറൻസിന്റെപ്രകടനപത്രികയിലുണ്ട്.

കാൻസർ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളെ നേരിടാൻ സാധാരണക്കാർക്കായി മെഡിക്കല്‍ ട്രസ്റ്റ് രൂപവത്കരിക്കും. കുട്ടികള്‍ക്ക് സർവകലാശാലാതലം വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും നാഷണല്‍ കോണ്‍ഫറൻസ് പ്രകടന പത്രികയില്‍ പറയുന്നു.

ഈ വർഷം സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തിയ്യതികളിലാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ നാലിനാണ് വോട്ടെണ്ണല്‍. ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. സെപ്റ്റംബര് 30-ന് മുമ്ബായി ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നിർദേശം നല്‍കിയിരുന്നു.പാർട്ടി വൈസ് പ്രസിഡന്റായ ഒമർ അബ്ദുള്ളയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.