പ്രതിമ തകർന്ന സംഭവം; മോദി പരസ്യമായി മാപ്പ് പറഞ്ഞു.

മുംബൈ:മഹാരാഷ്ട്രയിലെ സിന്ധുദുർഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തില്‍ പരസ്യമായി മാപ്പുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന റാലിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.

ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ല എനിക്ക്, ഞങ്ങളുടെ ആരാധനാപാത്രമാണെന്ന് മോദി പറഞ്ഞു. ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തില്‍, പ്രയാസം നേരിട്ട ജനങ്ങളോട് ഞാൻ തല കുമ്ബിട്ട് മാപ്പു ചോദിക്കുന്നു, മോദി പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. എന്നാല്‍, ഒരു വർഷം തികയും മുമ്ബേ പ്രതിമ തകർന്നു വീഴുകയായിരുന്നു. കഴിഞ്ഞവർഷം ഡിസംബറില്‍ സ്ഥാപിച്ച 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് തകർന്നത്. പീഠത്തില്‍നിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്.

പ്രതിമ തകർന്നതിന് പിന്നാലെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദം ഉടലെടുത്തിരുന്നു. പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിമയുടെ നിർമാണത്തിനിടെയുണ്ടായ അഴിമതിയാണ് തകർച്ചയിലേക്ക് നയിച്ചത്. വിഷയത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്ശിവസേന നേതാവ് സഞ്ജയ് റാവുത്ത് (യു.ബി.ടി.) രംഗത്തെത്തിയിരുന്നു.

എന്നാല്‍, നാവികസേനയുടെ തലയില്‍ പഴിചാരി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. പ്രതിമയുടെ നിർമാണത്തിന് മേല്‍നോട്ടം വഹിച്ചത് സംസ്ഥാന സർക്കാരല്ല, ഇന്ത്യൻ നാവികസേനയാണെന്നായിരുന്നു മഹാരാഷ്ട്ര സർക്കാരിന്റെ വാദം. പ്രതിമ തകർന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കാൻ എൻജിനിയർമാർ, ഐ.ഐ.ടി. വിദഗ്ധർ, നാവികസേന ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സാങ്കേതികസമിതിക്ക് മഹാരാഷ്ട്ര സർക്കാർ രൂപംനല്‍കി.

സംഭവത്തില്‍ ഇന്ത്യൻ നാവിക സേന അന്വേഷണം ആരംഭിച്ചിരുന്നു. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയാണ്പ്രതിമയുടെ നിർമാണവും സ്ഥാപനവും നടന്നതെന്ന് നാവികസേന വ്യക്തമാക്കി. പ്രതിമ തകർന്ന സംഭവത്തില്‍ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.