അഞ്ച് ഭാഷകള്‍ക്ക് കൂടിശ്രേഷ്ഠഭാഷാ പദവി .


ന്യൂഡൽഹി:രാജ്യത്ത് അഞ്ച് ഭാഷകള്‍ക്ക് കൂടി കേന്ദ്രസർക്കാർ ശ്രേഷ്ഠഭാഷാ പദവി നല്‍കി. മറാത്തി, പാലി, പ്രാകൃതം, ആസാമീസ്, ബംഗാളി എന്നീ ഭാഷകള്‍ക്കാണ് ശ്രേഷ്ഠ ഭാഷാ പദവി നല്‍കിയത്.ഇതോടെ രാജ്യത്ത് ശ്രേഷ്ഠ ഭാഷയിലുള്ള ഭാഷകളുടെ എണ്ണം പതിനൊന്നായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കൂടിയ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മറാത്തി ഉള്‍പ്പടെയുള്ള ഭാഷകള്‍ക്ക് കേന്ദ്രസർക്കാർ ശ്രേഷ്ഠ ഭാഷാ പദവി നല്‍കുന്നത്.

2000 വർഷത്തില്‍ കൂടുതല്‍ ചരിത്രമുള്ള ഭാഷകള്‍ക്ക് ഇന്ത്യൻ ഭരണകൂടം നല്‍കുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാ പദവി. ഭാഷയുടെ ചരിത്രം സാംസ്കാരികപരമായ പൈതൃകം എന്നിവയെല്ലാം പരിശോധിച്ചാണ് കേന്ദ്രസർക്കാർ ഓരോ ഭാഷയ്ക്കും ഈ പദവി നല്‍കുന്നത്. ഓരോ ഭാഷയിലെയും ആദ്യകാല ഗ്രന്ഥങ്ങളുടെ പൗരാണികത, ആയിരം വർഷത്തെ രേഖപ്പെടുത്തപ്പെട്ട ചരിത്രം തുടങ്ങിയവയെല്ലാം പരിശോധന വിധേയമാക്കും.

ശ്രേഷ്ഠഭാഷാ പദവി നല്‍കണമെന്ന് നിർദേശിക്കപ്പെട്ട ഭാഷകളുടെ യോഗ്യത പരിശോധിക്കാൻ 2004-ല്‍ സാംസ്കാരിക മന്ത്രാലയം ഇതിനായി ഒരു ഭാഷാ വിദഗ്ധ സമിതി (എല്‍ഇസി) രൂപീകരിച്ചു. ആദ്യം തമിഴിനെയും പിന്നീട് സംസ്കൃതത്തെയും ശ്രേഷ്ഠഭാഷയായി പ്രഖ്യാപിച്ചു.ക്രമേണ, 2008-ല്‍ തെലുങ്കും കന്നഡയും, 2013-ലും 2014-ലും മലയാളവും ഒഡിയയും പട്ടികയില്‍ ഉള്‍പ്പെട്ടു.


നിലവില്‍ പതിനൊന്ന് ഭാഷകളാണ് രാജ്യത്ത് ശ്രേഷ്ഠഭാഷാ പദവിയിലുള്ളത്. തമിഴ്, സംസ്കൃതം, തെലുങ്ക്, മലയാളം,കന്നഡ,ഒഡീഷ, മറാത്തി, ബംഗാളി, പാലി, പ്രാകൃതം, ആസാമീസ് എന്നിവയാണ് രാജ്യത്ത് ശ്രേഷ്ഠ ഭാഷാ പദവിയിലുള്ളത്. ശ്രേഷ്ഠഭാഷാ പദവിയിലുള്ള ഭാഷയില്‍ ഗവേഷണങ്ങള്‍ക്കും കൂടുതല്‍ പഠനത്തിനും കേന്ദ്രസർക്കാരില്‍ നിന്ന് കുടുതല്‍ സാമ്ബത്തിക സഹായവും ലഭിക്കും.