ശ്രീനഗർ:ജമ്മു കശ്മിരില് ഒമര് അബ്ദുള്ളയുടെ നാഷണല് കോണ്ഫറന്സിന് നാല് സ്വതന്ത്രരുടെ കൂടി പിന്തുണ. ഇതോടെ 90 അംഗ നിയമസഭയില് പാര്ട്ടിക്ക് 46 എം.എല്.എമാരുടെ പിന്തുണയായി.ഇതോടെ കോണ്ഗ്രസ് പിന്തുണയില്ലെങ്കിലും ഭരിക്കാവുന്ന നിലയിലാണ് നാഷണല് കോണ്ഫറന്സ്.
അതിനിടെ, ഒമര് അബ്ദുള്ളയെ പാര്ട്ടിയുടെ നിയമസഭാകക്ഷി നേതാവായി എതിരില്ലാതെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഘടകകക്ഷികളുടെ യോഗത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.
എന്നാൽ നാഷണൽ കോൺഫറൻസിന്റെ പ്രഖ്യാപിത ലക്ഷ്യമായ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം അനുച്ഛേദം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് നാഷണല്‍ കോണ്‍ഫറൻസ് വൈസ് പ്രസിഡന്‍റ് ഒമർ അബ്ദുള്ള.
പക്ഷേ കേന്ദ്രത്തിലെ ബിജെപി സർക്കാരിനോട് ഈ ആവശ്യം ഉന്നയിക്കുന്നത് വിഡ്ഢിത്തമാണെന്ന് കരുതുന്നു. അതിനാല്‍ നിലപാട് തുടരുമെങ്കിലും തത്കാലം ഇക്കാര്യത്തില്‍ ഏറ്റുമുട്ടലിനില്ല. ബിജെപിയുമായി നല്ല ബന്ധം സാധ്യമാണെന്നു കരുതുന്നില്ലെന്നും ഒമർ പറഞ്ഞു.
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദേഹം. 370 പുനഃസ്ഥാപിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമാണ്. ഭാവിയില്‍ കേന്ദ്രത്തിലെ സർക്കാർ മാറുമ്ബോള്‍ ഇക്കാര്യം ചർച്ച ചെയ്യും.
സഖ്യകക്ഷിയായ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയെ കുറ്റപ്പെടുത്താനില്ലെന്നും ഒമർ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ഇതെല്ലാം സംഭവിക്കാമെന്ന് അദേഹം പറഞ്ഞു. ഹരിയാനയില്‍ വിജയം പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ജമ്മു കശ്മീരിലും പ്രതീക്ഷിച്ച വിജയം വരിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല 6 സീറ്റ് മാത്രമാണ് കോൺഗ്രസിന് കാശ്മീരിൽ ജയിക്കാൻ കഴിഞ്ഞത്. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണു കാഴ്ചവച്ചത്.

