കണ്ണൂർ : പി.പി.ദിവ്യയുടെ പ്രസംഗം മുന്‍കൂട്ടി തീരുമാനിച്ചതും ആസൂത്രണം ചെയ്തതുമായിരുന്നുവെന്ന് കോടതി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം തള്ളിയ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്. ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. 38 പേജുള്ള വിധിപ്പകര്‍പ്പ് ആണ് പുറത്തു വന്നത്.ദിവ്യക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന നവീന്‍ ബാബുവിനെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.
സംസാരത്തില്‍ ഭീഷണിയുണ്ടായിരുന്നു. രാഷ്ട്രീയ സ്വാധീനവും അധികാരവും ഉപയോഗിച്ചുള്ള ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ആത്മാഭിമാനമുള്ള വ്യക്തിയെ ആത്മഹത്യയിലേക്ക് എത്തിക്കുകയാണ് ചെയ്തത്. പ്രഥമദൃഷ്ട്യാ തന്നെ ഇതില്‍ കേസുണ്ട്.
ദിവ്യക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കും. മുന്‍കൂര്‍ ജാമ്യം നല്‍കാവുന്ന കേസ് അല്ല ഇത്. ക്ഷണിക്കാതെയാണ് ദിവ്യ യോഗത്തിന് എത്തിയത്. എന്തുകൊണ്ട് ജാമ്യം നല്‍കണം എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല.
കോടതി ജാമ്യം തള്ളിയതിന് ശേഷമാണ് ദിവ്യ പോലീസ്റ്റേഷനിൽ രണ്ട് പാർട്ടി പ്രവർത്തകർക്കൊപ്പം പോയത്.കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയും പൂർത്തിയാക്കിയ ശേഷം ദിവ്യയെ തളിപ്പറമ്ബ് കോടതിയില്‍ ഹാജരാക്കി. ഇന്നുതന്നെ കസ്റ്റഡിയില്‍ വാങ്ങാനായിരിക്കും പോലീസ് ശ്രമം. കണ്ണപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്. കോടതി ദിവ്യയെ പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു പള്ളിക്കുന്ന് വനിതാ ജയിലിലേക്കാണ് ദിവ്യയെ കൊണ്ടുപോയത്.

