കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു. പ്രധാനമന്ത്രി പദത്തിനൊപ്പം ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെക്കുന്നുവെന്ന് ട്രൂഡോ വ്യക്തമാക്കി.പാര്‍ട്ടിയില്‍ പിന്തുണ നഷ്ടമായതോടെയാണ് രാജി തീരുമാനം.
ഇന്ന് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.പാര്‍ട്ടിയുടെ അടുത്ത നേതാവിനെ തിരഞ്ഞെടുത്തതിന് ശേഷമായിരിക്കും രാജി എന്നും പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ഹനായ ആളെ രാജ്യം അടുത്ത തിരഞ്ഞെടുപ്പില്‍ കണ്ടെത്തുമെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.
അടുത്ത തിരഞ്ഞെടുപ്പില്‍ ഈ രാജ്യം ഒരു ‘യഥാര്‍ത്ഥ തിരഞ്ഞെടുപ്പിന്’ ഒരുങ്ങും എന്ന് ട്രൂഡോ പറഞ്ഞു. ആഭ്യന്തര പോരാട്ടങ്ങള്‍ നേരിടേണ്ടി വന്നതിനാല്‍ കനേഡിയന്‍മാര്‍ക്കുള്ള ബാലറ്റില്‍ തനിക്ക് മികച്ച ഓപ്ഷനാകാന്‍ കഴിയില്ലെന്ന് വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബവുമായി ദീര്‍ഘനേരം സംസാരിച്ചതിന് ശേഷമാണ് താന്‍ രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് ട്രൂഡോ പറഞ്ഞു.
‘അവരുടെ പിന്തുണയാണ് തന്റെ വിജയത്തിന് കാരണം. ഇന്നലെ രാത്രി അത്താഴം കഴിക്കുമ്ബോള്‍ രാജിവെക്കാനുള്ള തീരുമാനത്തെക്കുറിച്ച് കുട്ടികളോട് പറഞ്ഞിരുന്നു. ഞാനൊരു പോരാളിയാണ്. ശരീരത്തിലെ എല്ലാ അസ്ഥികളും എന്നോട് പോരാടാന്‍ പറയുന്നുണ്ട്,’ ട്രൂഡോ പറഞ്ഞു. അതേസമ.യം പാര്‍ലമെന്റ് മാസങ്ങളായി സ്തംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
അതുകൊണ്ടാണ് രാജ്യത്തിന് പാര്‍ലമെന്റിന്റെ പുതിയ സമ്മേളനം ആവശ്യമായി വരുന്നതെന്നും മാര്‍ച്ച് 24 വരെ സഭ നിര്‍ത്തിവയ്ക്കുമെന്നും ട്രൂഡോ പറയുന്നു. അടുത്ത മാസങ്ങളില്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിസ്ഥാപിക്കുന്ന പ്രക്രിയ കാണുന്നതില്‍ താന്‍ ആവേശഭരിതനാണെന്നും ട്രൂഡോ പറഞ്ഞു.

