ബംഗളൂരു:കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രമുഖ ആറു മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി. കര്‍ണാടക സ്വദേശികളായ മുണ്ടഗാരു ലത, സുന്ദരി കുട്ടലൂരു, വനജാക്ഷി ബലഹൊളെ, മാരപ്പ അരോളി, തമിഴ്‌നാട് സ്വദേശി കെ.വസന്ത്, കേരള സ്വദേശിനി ജിഷ എന്നിവരാണു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയില്‍ ഇന്നലെ ആയുധംവച്ചു കീഴടങ്ങിയത്.
എന്നാല്‍, കീഴടങ്ങിയ മാവോയിസ്റ്റുകളുമായി സര്‍ക്കാരുണ്ടാക്കിയ കരാറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. നവംബര്‍ 18നു മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയെ ഏറ്റുമുട്ടലില്‍ വധിച്ചതിനുപിന്നാലെ നേതാക്കളോടു കീഴടങ്ങണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റമുള്‍പ്പെടെയുള്ള കേസുകളുണ്ട്.
കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാവോയിസ്റ്റ് കീഴടങ്ങലാണിത്. നേരത്തേ ചിക്കമഗളൂരുവില്‍ മാവോയിസ്റ്റുകള്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. കീഴടങ്ങുന്നത് ബംഗളൂരുവില്‍ തന്‍റെ ഔദ്യോഗിക വസതിയില്‍ വച്ച് ആകണമെന്ന് സിദ്ധരാമയ്യ നിര്‍ദേശിച്ചിരുന്നു. പ്രധാന മാവോയിസ്റ്റ് നേതാക്കളിലൊരാളായ ലത മുണ്ടഗാരു തൻ്റെ മെമ്മോറാണ്ടത്തിൻ്റെ പകർപ്പിനൊപ്പം തൻ്റെ യൂണിഫോം മുഖ്യമന്ത്രിക്ക് കൈമാറി.
അതേസമയം, ദേശീയ അന്വേഷണ ഏജന്‍സി ഇവരെ ചോദ്യം ചെയ്യുമെന്നറിയുന്നു. മുണ്ടഗാരു ലതയ്‌ക്കെതിരേ നിലവില്‍ 850 കേസുകളുണ്ട്.
സുന്ദരിക്കെതിരേ 71 കേസുകളും മാരപ്പയ്‌ക്കെതിരേ 50 കേസുകളുമാണുള്ളത്. വസന്തിനെതിരേ എട്ടുകേസുകളും ജിഷയ്ക്കെതിരേ 17 കേസുകളുമാണുള്ളത്. ചിക്കമഗളൂരു പോലീസും ജില്ലാ ഭരണകൂടവുമാണ് ഇവരുടെ കീഴടങ്ങലിനായി കൂടുതല്‍യത്‌നിച്ചത്.
കൊലപാതകമുള്‍പ്പെടെ ഇവർക്കെതിരേ ഗുരുതര കുറ്റകൃത്യങ്ങളുള്ളതിനാല്‍ കേസുമായി മുന്നോട്ടു പോകണമോ എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പിന്നീട് തിരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.
“സായുധ സമരങ്ങൾ നടത്തുന്ന മാവോയിസ്റ്റുകളെ കാടുകളിൽ നിന്ന് തിരികെ കൊണ്ടുവരാനും അവരെ സമൂഹത്തിൽ സമന്വയിപ്പിക്കാനും മുൻകാലങ്ങളിൽ ഞങ്ങളുടെ സർക്കാർ ശ്രമിച്ചിരുന്നു. ഞാൻ മുഖ്യമന്ത്രിയായ ആദ്യ കാലഘട്ടത്തിൽ ഞങ്ങൾ അത്തരം ശ്രമങ്ങൾക്ക് തുടക്കമിട്ടിരുന്നു. കഴിഞ്ഞ കാലയളവിൽ 12 മാവോയിസ്റ്റുകൾ കീഴടങ്ങി മുഖ്യധാരയിൽ ചേർന്നിരുന്നു. ഇപ്പോൾ ആറ് പേർ കൂടി മുന്നോട്ട് വന്നിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
അദ്ദേഹം കൂട്ടിച്ചേർത്തു: “ഈ ആറ് മാവോയിസ്റ്റുകളും അവരുടെ കീഴടങ്ങലിന് ശേഷം ഉത്തരവാദിത്തമുള്ള പൗരന്മാരായി സംഭാവന ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവരുടെ കീഴടങ്ങലോടെ കർണാടക ഇപ്പോൾ നക്സൽ വിമുക്ത സംസ്ഥാനമായി മാറി.

