ഗാസ :ഇസ്രയേല്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെ 90 പലസ്തീന്‍ തടവുകാരെ വിട്ടയച്ച് ഇസ്രയേല്‍.69 സ്ത്രീകളെയും 21 കുട്ടികളെയുമാണ് മോചിപ്പിച്ചത്. അടുത്തിടെയാണ് ഇവരെ ഇസ്രയേല്‍ തടവിലാക്കിയത്. എന്നാല്‍ വെടിനിര്‍ത്തല്‍ ധാരണ പ്രകാരമുള്ള പലസ്തീനികളുടെ മോചനം വൈകുന്നുവെന്ന് ആരോപിച്ച് ജയിലിന് പുറത്ത് ഒരു കൂട്ടം പലസ്തീനികള്‍ തമ്ബടിച്ചിരുന്നു. മോചനം പ്രതീക്ഷിച്ച് ജയില്‍ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കള്‍ക്ക് ഇവരെ എപ്പോള്‍ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ജയിലിന് പുറത്ത് നിലയുറപ്പിച്ച് ബന്ദികളുടെ ബന്ധുക്കളെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം ഹമാസ് മോചിപ്പിച്ച ഇസ്രയേലി വനിതാ തടവുകാര്‍ കുടുംബാംഗങ്ങളെ കണ്ടു.
ഞായറാഴ്ച്ച ഇസ്രയേല്‍ പ്രാദേശിക സമയം 11:15ഓടെയാണ് ഗാസയില്‍ വെടിനിർത്തല്‍ നിലവില്‍ വന്നത്. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ യഥാര്‍ത്ഥ്യമായത്. പ്രാദേശിക സമയം രാവിലെ എട്ടരയോടെ കരാർ നടപ്പാകുമെന്നായിരുന്നു ആദ്യത്തെ ധാരണ. എന്നാല്‍ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രോയല്‍ കരാറില്‍നിന്ന് പിന്മാറി. സാങ്കേതിക പ്രശ്നമാണ് പട്ടിക കൈമാറാന്‍ വൈകിയതിന് കാരണമെന്നാണ് ഹമാസ് നല്‍കിയ വിശദീകരണം. അതോടെ വെടിനിർത്തല്‍ നിലവില്‍ വന്നെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു.
2023 ഒക്ടോബർ 7 ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ 250-ലധികം പേരെയാണ് തട്ടിക്കൊണ്ടുപോയത്,ഇവരിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. കൂടാതെ ഹമാസിന്റെ വെടിവെപ്പിൽ 1,200 പേർ ഇസ്രായേലി മണ്ണിൽ വെച്ച് കൊല്ലപ്പെട്ടതായി, ഇസ്രായേൽ പറഞ്ഞു.
ഗാസയിലെ മെഡിക്കൽ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇസ്രായേൽ ആക്രമണത്തിൽ 47,000 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസയിലെ ഏതാണ്ട് 2.3 ദശലക്ഷം ജനങ്ങളും ഭവനരഹിതരാണ്. 400 ഓളം ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടു.

