കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നു.

കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ച്‌ ഇന്ത്യയും ചൈനയും. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ചർച്ചയിലാണ് 2020 മുതല്‍ നിർത്തിവച്ച തീർത്ഥാടന യാത്ര പുനരാംരംഭിക്കാനുള്ള തീരുമാനമുണ്ടായത്.

“നിലവിലുള്ള കരാറുകൾ പ്രകാരം അങ്ങനെ ചെയ്യുന്നതിനുള്ള രീതികൾ പ്രസക്തമായ സംവിധാനം ചർച്ച ചെയ്യും. അതിർത്തി കടന്നുള്ള നദികളുമായി ബന്ധപ്പെട്ട ജലശാസ്ത്രപരമായ ഡാറ്റയും മറ്റ് സഹകരണവും പുനരാരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന വിദഗ്‌ധ തല മെക്കാനിസത്തിൻ്റെ ഒരു നേരത്തെ യോഗം നടത്താനും അവർ സമ്മതിച്ചു,” വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു.

ഇതോടൊപ്പം തന്നെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള വിമാന സർവ്വീസുകള്‍ പുനരാരംഭിക്കാനും ധാരണയായിട്ടുണ്ട്.

2024 ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തിയിലെ സംഘർഷങ്ങളെ തുടർന്ന് വഷളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അന്നത്തെ കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്തിരുന്നു. ഇതിന പിന്നാലെയാണ് നാല് വർഷം മുമ്ബ് നിർത്തിവെച്ച കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.

“ഫങ്ഷണൽ എക്സ്ചേഞ്ചുകൾക്കായി നിലവിലുള്ള സംവിധാനങ്ങളുടെ സ്റ്റോക്ക് ഇരുപക്ഷവും ഏറ്റെടുത്തു. ഈ ഡയലോഗുകൾ പടിപടിയായി പുനരാരംഭിക്കുന്നതിനും പരസ്പരം താൽപ്പര്യവും ഉത്കണ്ഠയുമുള്ള മുൻഗണനാ മേഖലകളെ അഭിസംബോധന ചെയ്യാൻ അവ ഉപയോഗിക്കാനും ധാരണയായി. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ദീർഘകാല നയ സുതാര്യതയും പ്രവചനാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സാമ്പത്തിക, വ്യാപാര മേഖലകളിലെ പ്രത്യേക ആശങ്കകൾ ചർച്ച ചെയ്തു, ”എംഇഎ കൂട്ടിച്ചേർത്തു.

2020 ല്‍ കോവിഡ് വ്യാപനത്തെ തുടർന്നാണ് യാത്ര നിർത്തിവെച്ചത്. പിന്നീട് ഗല്‍വാനിലെ നിയന്ത്രണ രേഖയിലുണ്ടായ സംഘർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയും ചെയ്തു. നിരവധി തവണത്തെ ഉന്നതതല ചർച്ചകള്‍ക്ക് ശേഷം അതിർത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമാകുകയും ഇരു രാജ്യങ്ങളും സേനയെ പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികളിലേക്കും കടക്കുകയായിരുന്നു

2025-ലെ വേനല്‍ക്കാലത്തായിരിക്കും കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുക. യാത്ര സുഗമമാക്കുന്നതിനുള്ള മാർഗങ്ങള്‍ ഇരു രാജ്യങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കും. ഇന്ത്യയും ചൈനയും നയതന്ത്രബന്ധം സ്ഥാപിച്ചതിൻ്റെ 75-ാം വാർഷികം പൊതുജനങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസം പുനഃസ്ഥാപിക്കുന്നതിനായി ഉപയോഗപ്പെടുത്താനും കൂടിക്കാഴ്ചയില്‍ ധാരണയായി. 75-ാം വാർഷികത്തോടനുബന്ധിച്ച്‌ രണ്ട് രാജ്യങ്ങളും ചേർന്ന് നിരവധി പരിപാടികളും നടത്തും.

അതോടൊപ്പം തന്നെ നദികളുമായി ബന്ധപ്പെട്ട ജലശാസ്ത്രപരമായ വിവരങ്ങളും മറ്റു സഹകരണവും പുനരാരംഭിക്കുന്നതിനെ കുറിച്ചുള്ള ഉന്നതതല യോഗവും അടുത്ത് തന്നെ നടക്കും. ഇതിനായി ഇന്ത്യ-ചൈന വിദഗ്‌ധ തല യോഗം ചേരാനും ചൈനസമ്മതിച്ചെന്നും ബന്ധം ദൃഢമാക്കാനും ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയായെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.