കൊച്ചിയില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍.

വ്യാജ ആധാർ കാർഡുമായി കേരളത്തിലെത്തിയവരാണ് പിടിയിലായത്.

കേരളം ബംഗ്ലാദേശികളുടെ അനധികൃത താവളമാകുന്ന സംഭവത്തില്‍ കേന്ദ്ര ഏജൻസികള്‍ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് ഇവർ കൂട്ടത്തോടെ പിടിയിലായത്.

മുനമ്ബത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവർ ഇവിടെ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. ആലുവ റൂറല്‍ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് ആണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

മൂന്ന് മാസങ്ങള്‍ക്ക് മുൻപാണ് ഇവിടെ എത്തിയതെന്നാണ് ഇവർ നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്ന ബംഗ്ലാദേശികള്‍ രാജ്യത്ത് വിവിധ ക്രിമിനല്‍പ്രവൃത്തികളില്‍ ഏർപ്പെടുന്ന റിപ്പോർട്ടുകള്‍ തുടർച്ചയായി പുറത്തുവന്നുകൊണ്ടിരിക്കെയാണ് ഇത്രയും പേരെ കൂട്ടത്തോടെ കൊച്ചിയില്‍ നിന്ന് പിടികൂടുന്നത്. ഇവർ എന്തിനാണ് സംഘമായി കൊച്ചിയിലെത്തിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

വടക്കൻ പറവൂരിനടുത്ത് ചില മേഖലകളില്‍ ബംഗ്ലാദേശികള്‍ കൂട്ടത്തോടെ താമസിക്കുന്നതായി സ്‌പെഷല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പരിശോധന നടന്നത്.

ഇവർക്ക് താമസസൗകര്യമൊരുക്കിയത് ആരെന്നതുള്‍പ്പെടെ അന്വേഷണ വിധേയമാകും. പിടിച്ചെടുത്ത വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് താമസം തരപ്പെടുത്തിയത് എന്നാണ് സൂചനകള്‍. പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊലീസിന്റെ പരിശോധന. ഒരു മാസത്തിനിടെ ഏതാണ്ട് 34 ബംഗ്ലാദേശ് സ്വദേശികളെയാണ് കേരളത്തില്‍ നിന്നും പിടികൂടിയത്.