ഡല്‍ഹി: ഭരണഘടനാപരമായി ജനാധിപത്യമുള്ള ഇന്ത്യയില്‍ ജമ്മു-കശ്മീരിന്റെ കാര്യത്തില്‍ ഹിതപരിശോധന സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്.ബ്രിട്ടനില്‍ ബ്രക്സിറ്റിന്റെ കാര്യത്തില്‍ ഉണ്ടായതുപോലൊരു സാഹചര്യം ഇന്ത്യയെ പോലൊരു ജനാധിപത്യത്തില്‍ നടക്കില്ലെന്നും ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹരജികളുടെ വാദത്തിനിടയില്‍ സുപ്രീംകോടതി വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല അടക്കമുള്ളവര്‍ ഹിതപരിശോധന വാഗ്ദാനം ഓര്‍മിപ്പിക്കുന്നതിനിടയിലാണ് സുപ്രീംകോടതി അക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. മറ്റു സംസ്ഥാനങ്ങളെപ്പോലെ ഇന്ത്യയുമായി ചേര്‍ക്കുന്നതിനുമുമ്ബ് ഹിതപരിശോധന നടത്തുമെന്ന് ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കേണ്ടതിനെ കുറിച്ച് മുതിര്‍ന്ന അഭിഭാഷകൻ കപില്‍ സിബല്‍ സൂചിപ്പിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ്ഡി.വൈ ചന്ദ്രചൂഡ് അത് സാധ്യമല്ലെന്ന് വ്യക്തമാക്കിയത്. ജമ്മു-കശ്മീരുമായി കൂടുതല്‍ അടുത്ത ബന്ധം രാജ്യം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തണമായിരുന്നുവെന്ന് സിബല്‍ ബെഞ്ചിനോട് പറഞ്ഞു. ബ്രക്സിറ്റില്‍ ഹിതപരിശോധന നടത്തിയ കാര്യവും സിബല്‍ ഓര്‍മിപ്പിച്ചു. എന്നാല്‍, ഈ വാദത്തോട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിയോജിച്ചു.

