ചെന്നൈ: തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി ഉത്തരവില്‍, സ്വമേധയാ റിവിഷൻ നടപടിയുമായി മദ്രാസ് ഹൈക്കോടതി.മന്ത്രിക്കും ഭാര്യക്കും കോടതി നോട്ടീസയച്ചു.
ജസ്റ്റീസ് എൻ. ആനന്ദ് വെങ്കിടേഷിന്‍റേതാണ് അസാധാരണ നടപടി. കീഴ്ക്കോടതി ഉത്തരവുകളില്‍ പിഴവുണ്ടോയെന്നു സ്വമേധയാ പരിശോധിക്കാൻ, ഹൈക്കോടതികള്‍ക്ക് സിആര്‍പിസി 397-ാം വകുപ്പ് നല്കുന്ന അധികാരപ്രകാരമാണ്, മന്ത്രിക്കെതിരേയുള്ള കേസിന്‍റെ രേഖകള്‍ ജസ്റ്റീസ് ആനന്ദ് വെങ്കിടേഷ് വരുത്തിച്ചത്. മന്ത്രി പൊന്മുടിയും വിജിലൻസും സെപ്റ്റംബര്‍ ഏഴിനു മുന്പ് വിശദീകരണം നല്കണമെന്നു കോടതി നിര്‍ദേശിച്ചു.
1996-2001 കാലത്ത് കരുണാനിധി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കേ മൂന്നു കോടി രൂപയുടെ അനധികൃത സ്വത്ത് സന്പാദിച്ചെന്ന കേസില്‍ ജൂണ്‍28നാണ് മന്ത്രിയെയും ഭാര്യ വിശാലാക്ഷിയെയും വെല്ലൂര്‍ കോടതി കുറ്റവിമുക്തരാക്കിയത്. 1989 മുതലുള്ള എല്ലാ ഡിഎംകെ സര്‍ക്കാരുകളിലും പൊന്മുടി മന്ത്രിയായിരുന്നു.

