മോഡി തീവ്ര ഇസ്രായേൽ രീതി പിൻ തുടരുന്നു ; യെച്ചൂരി.

ഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെയും കമീഷൻ അംഗങ്ങളെ നിയമിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പുതിയ ബില്ല് കമീഷന്റെ നിഷ്പക്ഷതയെ പൂര്‍ണമായും അട്ടിമറിക്കുന്നതാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.ഡല്‍ഹി സര്‍ക്കാരിന്റെ അധികാരവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി അട്ടിമറിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷൻ നിയമനവുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെയും അട്ടിമറിക്കുന്നത്.

ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെ നിയമിക്കുന്ന മൂന്നംഗ സമിതിയില്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സമിതിയില്‍ നിന്ന് ചീഫ്ജസ്റ്റിസിനെ മാറ്റികൊണ്ട് പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തുന്നതാണ് പുതിയ ബില്ല്. ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്തിയ ഇസ്രയേലിലെ തീവ്രവലതുപക്ഷ സര്‍ക്കാരിനെ അതേപോലെ അനുകരിക്കുകയാണ് മോദി സര്‍ക്കാരും. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ നിഷ്പക്ഷമായ തെരഞ്ഞെടുപ്പ്കമീഷനാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്- യെച്ചൂരി ചൂണ്ടിക്കാട്ടി.