ജമ്മു കാശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ ഭാര്യ പാകിസ്ഥാന്റെ ഉന്നത പദവിയിലേക്ക് .

ജമ്മു കാശ്മീർ വിഘടനവാദി നേതാവിന്റെ ഭാര്യ പാകിസ്ഥാനിലെ മുഖ്യ ഉപദേഷ്ടാവ്.ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ കാവല്‍പ്രധാനമന്ത്രി അൻവറുല്‍ കാകറിന്റെ പ്രത്യേക ഉപദേഷ്ടാവായി മുഷാല്‍ ഹുസൈൻ മാലിക്കിനെ നിയമിച്ചു. കാവല്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുപിന്നാലെയാണ് അഞ്ച് ഉപദേഷ്ടാക്കളിലൊരാളായി മുഷാലിനെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്.മനുഷ്യാവകാശം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളിലെ ഉപദേശകസ്ഥാനമാണ് മുഷാലിന് ലഭിച്ചത്. ജമ്മുകശ്മീര്‍ ലിബറേഷൻ ഫ്രണ്ട് തലവനായിരുന്ന യാസിൻ മാലിക്കണ് മുശാല്‍ ഹുസൈന്റെ ഭർത്താവ്. ഭീകരപ്രവര്‍ത്തനത്തിന് സാമ്ബത്തികസഹായം നല്‍കിയെന്ന കേസില്‍ യാസിൻ മാലിക് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലിലാണ് ഉള്ളത്. 2009-ലാണ് കലാകാരികൂടിയായ മുഷാലിനെ റാവല്‍പിണ്ടിയില്‍വെച്ച്‌ യാസിൻ വിവാഹം ചെയ്തത്. മുഷാലും മകളും നിലവില്‍ ഇസ്‌ലാമാബാദിലാണ് കഴിയുന്നത്.19 അംഗകാവല്‍മന്ത്രിസഭയാണ് കഴിഞ്ഞദിവസം പ്രസിഡൻഷ്യല്‍ കൊട്ടാരത്തില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. പ്രസിഡന്റ് ആരിഫ് ആല്‍വി സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ വിദേശകാര്യസെക്രട്ടറിയും യു.എസിലെ മുൻ പാക് നയതന്ത്രപ്രതിനിധിയുമായ ജലീല്‍ അബ്ബാസ് ജിലാനിയാണ് വിദേശകാര്യമന്ത്രി. പാക്കിസ്ഥാൻ ആരുമായും ശത്രുത ആഗ്രഹിക്കുന്നില്ലെന്നും എല്ലാരാജ്യങ്ങളുമായും സുഹൃദ്ബന്ധം കാംക്ഷിക്കുന്നുവെന്നും ചുമതലയേറ്റശേഷം ജിലാനി പറഞ്ഞു.അടുത്ത പൊതുതിരഞ്ഞെടുപ്പുവരെ കാകറിന്റെ നേതൃത്വത്തിലുള്ളകാവല്‍സര്‍ക്കാരാണ് പാക്കിസ്ഥാൻ ഭരിക്കുക. കാലാവധിപൂര്‍ത്തിയാക്കാൻ മൂന്നുദിവസം ശേഷിക്കെ ഓഗസ്റ്റ് ഒമ്ബതിനാണ് മുൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നിര്‍ദേശപ്രകാരം പാര്‍ലമെന്റിന്റെ അധോസഭയായ നാഷണല്‍ അസംബ്ലി പ്രസിഡന്റ് പിരിച്ചുവിട്ടത്.തന്റെ നേതൃത്വത്തിലുള്ള കാവല്‍സര്‍ക്കാര്‍ തിന്മയുടെ ശക്തികളെ പിന്തുണയ്ക്കില്ലെന്ന് പ്രധാനമന്ത്രി അൻവറുള്‍ കാകര്‍ പറഞ്ഞു. രാജ്യത്ത് ക്രിസ്തീയദേവാലയങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.