ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഭാര്യയും അക്ഷർധാം ക്ഷേത്രം സന്ദർശിച്ചു.


ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ഇന്ന് ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം ഋഷി സുനക്കിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.

ഇരുവരുടെയും ദര്‍ശനസമയത്ത് ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാൻ മറ്റ് പ്രതിനിധികള്‍ക്കൊപ്പം ഋഷി സുനക് രാജ്ഘട്ടിലേയ്ക്ക് പോയി. ക്ഷേത്ര ദര്‍ശനത്തിന് സമയം കണ്ടെത്തുമെന്ന് ഇന്നലെ അദ്ദേഹം അറിയിച്ചിരുന്നു.അഭിമാനിയായ ഹിന്ദുവാണെന്നും അത്തരത്തിലാണ് വളര്‍ന്നതെന്നും സുനക് മുൻപ് വ്യക്തമാക്കിയിരുന്നു. സമയക്കുറവ് കാരണം ജന്മാഷ്ടമി ആഘോഷിക്കാൻ സാധിച്ചിരുന്നില്ല. ക്ഷേത്രസന്ദര്‍ശനത്തിലൂടെ ആ വിഷമം മറികടക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.