ബിജെപിയുടെ സ്ത്രീ ശാക്തീകരണം തട്ടിപ്പ് ; ഖാർഗെ.

ന്യുഡല്‍ഹി: ആര്‍.എസ്.എസിലെ ആരെങ്കിലും സ്ത്രീശാക്തീകരണത്തിനായി എപ്പോഴെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ.ഗാന്ധി സ്വപ്നം കണ്ടത് സ്ത്രീ-പുരുഷ സമത്വമുള്ള ഇന്ത്യയെയാണ്. ആര്‍.എസ്. എസ് നേതാക്കള്‍ ആരെങ്കിലും ജൻഡര്‍ സമത്വത്തെക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ടോ എന്നും ഖാര്‍ഗെ ചോദിച്ചു.

“സരോജിനി നായിഡു കോണ്‍ഗ്രസ് അധ്യക്ഷയായത് 1925ലാണ്. ഈ 100 വര്‍ഷത്തിനിടെ ആര്‍.എസ്.എസ് നേതൃത്വത്തിലേക്ക് സ്ത്രീകള്‍ വന്നിട്ടുണ്ടോ? പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കാൻ കഴിയാത്തവര്‍ എങ്ങനെയാണ് സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നത്”- മല്ലികാര്‍ജുൻ ഖാര്‍ഗെ ചോദിച്ചു. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി (1966-ല്‍ ഇന്ദിരാഗാന്ധി) ആദ്യത്തെ വനിതാ ലോക്‌സഭാ സ്പീക്കര്‍ (2009-ല്‍ മീരാ കുമാര്‍), ആദ്യ വനിത കാബിനറ്റ് മന്ത്രി (1947-ല്‍ രാജ്കുമാരി അമൃത് കൗര്‍), ആദ്യ വനിത മുഖ്യമന്ത്രി (1963-ല്‍ സുചേത കൃപലാനി), ആദ്യ വനിത ഗവര്‍ണര്‍ (1947-ല്‍ സരോജിനി നായിഡു), ആദ്യ വനിത രാഷ്ട്രപതി (2007-ല്‍ പ്രതിഭാ പാട്ടീല്‍) എന്നിവര്‍ കോണ്‍ഗ്രസിന്‍റെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ അവര്‍ ക്ഷണിക്കാത്തതിന് കാരണം അവര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നായതുകൊണ്ടാണ്. ദ്രൗപതി മുര്‍മു തൊട്ടിരുന്നെങ്കില്‍ അവര്‍ കല്ല് ഗംഗാജലം കൊണ്ട് കഴുകുമായിരുന്നു. എസ്‌.സി-എസ്‌.ടിയെതൊട്ടുകൂടാത്തവരായാണ് ബി.ജെ.പി പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനായി ബി.ജെ.പി സ്ത്രീകളെ ഉപയോഗിക്കുകയാണ്. 2029ന് മുമ്ബ് വനിതാ സംവരണം നടപ്പാക്കില്ലെന്നും പ്രധാനമന്ത്രി കള്ളം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലിംഗസമത്വത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും നേതാവായി മോദിയെ ഉയര്‍ത്തിക്കാട്ടാൻ ബി.ജെ.പി വനിതാ സംവരണ ബില്‍ കൊണ്ടുവരുമ്ബോള്‍ ബി.ജെ.പിയുടെ പാര്‍ലമെന്റംഗം ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച വനിതാ ഗുസ്തിക്കാരുടെ പ്രതിഷേധത്തിലും ഉന്നാവോ, ഹത്രാസ് എന്നിവിടങ്ങളിലെ ബലാത്സംഗ-കൊലപാതകങ്ങളിൽ ബി ജെ പി നയം ഇരട്ടത്താപ്പാണെന്നും ഖാര്‍ഗെ. പറഞ്ഞു.