രാഹുലിനെ വെല്ലുവിളിച്ച് അസറുദ്ദീൻ ഉവൈസി.

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഹൈദരാബാദില്‍ മത്സരിക്കാൻ വെല്ലുവിളിച്ച്‌ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി എം.പി.വയനാട്ടല്ല, ഹൈദരാബാദില്‍ എനിക്കെതിരെ മത്സരിക്കൂ. വലിയ പ്രസ്താവന നടത്തുന്നതിനു പകരം നാട്ടിലിറങ്ങണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

”വയനാടിനു പകരം ഹൈദരാബാദില്‍ മത്സരിക്കാൻ നിങ്ങളുടെ നേതാവിനെ(രാഹുല്‍) വെല്ലുവിളിക്കുകയാണ്. സ്ഥിരം വലിയ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് താങ്കള്‍. കോണ്‍ഗ്രസിലുള്ളവര്‍ പലതും പറയും. പക്ഷെ, ഞാൻ ഒരുക്കമാണ്. ബാബരി മസ്ജിദും സെക്രട്ടറിയേറ്റ് പള്ളിയുമെല്ലാം തകര്‍ക്കപ്പെട്ടത് കോണ്‍ഗ്രസ് ഭരണകാലത്താണ്”-ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ ഉവൈസി ചൂണ്ടിക്കാട്ടി. ഈ മാസം ആദ്യത്തില്‍ തെലങ്കാനയിലെ തുക്കുഗുഡയില്‍ നടന്ന പരിപാടിയില്‍ ഉവൈസിക്കും എ.ഐ.എം.ഐ.എമ്മിനും എതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയിരുന്നത്. ബി.ജെ.പിയും ബി.ആര്‍.എസ്സും എ.ഐ.എം.ഐ.എമ്മും ഒറ്റക്കെട്ടായാണ് തെലങ്കാനയില്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഈ ത്രയത്തിനെതിരെയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അവര്‍ വെവ്വേറെ പാര്‍ട്ടികളാണെന്നാകും പറയുന്നത്. എന്നാല്‍, അവര്‍ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനും എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസിക്കുമെതിരെ ഇ.ഡി-സി.ബി.ഐ കേസുകള്‍ വരാത്തത് പ്രധാനമന്ത്രി മോദിഅവരെ സ്വന്തക്കാരായി കരുതുന്നതുകൊണ്ടാണെന്നും രാഹുല്‍ പ്രസംഗത്തില്‍ ആരോപിച്ചിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2018ൽ രാഹുൽ ഗാന്ധിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സമാനമായ വെല്ലുവിളി എഐഎംഐഎം മേധാവി ഉന്നയിച്ചിരുന്നു.

നാരീ ശക്തി വന്ദൻ അധീനിയത്തെ എതിർക്കുന്ന തന്റെ പാർട്ടിയുടെ ‘രണ്ട്’ വോട്ടുകൾ പാർലമെന്റിനെ ഞെട്ടിച്ചുവെന്ന് ഒവൈസി പറഞ്ഞിരുന്നു.”ആകെ 450 എംപിമാർ ബില്ലിനെ അനുകൂലിച്ചു, രണ്ട് പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. സ്പീക്കർ സാഹബ് പറഞ്ഞു, ഒവൈസി സാഹബ്, ആരും നിങ്ങളോടൊപ്പമില്ല, ഞാൻ മറുപടി പറഞ്ഞു, “അള്ളാ എന്റെ കൂടെയുണ്ട്,” ഒവൈസി പറഞ്ഞു.