ബി ജെ പി ചടങ്ങിൽ നിതീഷ് കുമാർ ; ഇന്ത്യ മുന്നണിയിൽ മുറുമുറുപ്പ് .

ബി ജെ പി ചടങ്ങിൽ നിതീഷ് കുമാർ ; അഭ്യൂഹം.

പട്‌ന: ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ അതിഥിയായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്തതിനെച്ചൊല്ലി രാഷ്ട്രീയ അഭ്യൂഹങ്ങള്‍.ജനസംഘം സ്ഥാപകൻ ദീൻ ദയാല്‍ ഉപാധ്യായ ജയന്തി ആഘോഷ ചടങ്ങിലാണ് നിതീഷ് കുമാര്‍ പങ്കെടുത്തത്. ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ നിതീഷ് പങ്കെടുത്തത് എൻഡിഎയുമായി വീണ്ടും അടുക്കുന്നതിന്റെ സൂചനയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.

എന്നാല്‍ ചടങ്ങില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയമില്ലെന്നു നിതീഷ് കുമാര്‍ പ്രതികരിച്ചു. ദീൻ ദയാല്‍ ജയന്തി സംസ്ഥാന സര്‍ക്കാര്‍ പരിപാടിയായി മുൻപു പ്രഖ്യാപിച്ചിരുന്നതിനാലാണ് താൻ പങ്കെടുത്തതെന്നും നിതീഷ് ന്യായീകരിച്ചു. ബിജെപി ജെഡിയു സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്താണു ദീൻ ദയാല്‍ ജയന്തി ബിഹാര്‍ സര്‍ക്കാര്‍ പരിപാടിയായി പ്രഖ്യാപിച്ചത്.