ബിനാമി ഇടപാട് ;ഗുണ്ടാ തലവന്റെ 10 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തു

ബിനാമി കേസില്‍ ഉത്തര്‍പ്രദേശിലെ ഗുണ്ടാത്തലവനും രാഷ്ട്രീയക്കാരനുമായ മുഖ്താര്‍ അൻസാരിയുടെയും കുടുംബത്തിന്റെയും ലഖ്നോവിലെ 10 കോടിയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.ഗാസിപുരിലെ തൻവീര്‍ സഹര്‍ എന്ന സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത ദാലിബാഗ് മേഖലയിലുള്ള സ്വത്താണ് പിടിച്ചെടുത്തത്. 10 കോടി വിപണി വിലയുള്ള സ്ഥലത്തിന് രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ 76 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്.

യു.പിയിലെ ഗാസിപുര്‍ ജില്ലയില്‍ അൻസാരിയുടെ ബിനാമി ഗണേഷ് ദത്ത് മിശ്രയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 12 കോടിയുടെ സ്വത്ത് കഴിഞ്ഞ ഏപ്രിലില്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. മിശ്രയെ ചോദ്യംചെയ്യുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ദാലിബാഗിലെ ബിനാമി സ്വത്തിനെക്കുറിച്ച്‌ വിവരം ലഭിച്ചത്. ഈ സ്ഥലം 2014ല്‍ ഗണേഷ് ദത്ത് മിശ്ര, അൻസാരിയും ഭാര്യ അഫ്സാനും മക്കളും ഉടമകളായകമ്ബനിയുടെ പേരില്‍ പണയംവെച്ച്‌ 1.60 കോടി വായ്പയെടുത്തിരുന്നു.

വായ്പ തിരിച്ചടച്ചശേഷം 2020ല്‍ ഈ സ്വത്ത് അൻസാരിയുടെ കുടുംബവുമായി ബന്ധമുള്ള തൻവീര്‍ സഹറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സഹര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നില്ല. ഇവര്‍ക്ക് ഈ സ്ഥലം വാങ്ങാനുള്ള വരുമാനവുമില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.