പാലസ്തീൻ ജനതയ്ക്ക് മുൻപിൽ വഴിയടച്ച് ഈജിപ്ത്  ;ഗാസ ശവപ്പറമ്പ് ആകുന്നു.

പാലസ്തീൻ ജനതയ്ക്ക് മുൻപിൽ വഴിയടച്ച് ഈജിപ്ത്  ;ഗാസ ശവപ്പറമ്പ് ആകുന്നു.

ജുറുസലേം: ഗാസയിലെ പലസ്തീൻ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). കഴിഞ്ഞ രാത്രിയില്‍ ഗാസയിലുടനീളം ബോംബ് വര്‍ഷം നടത്തിയതിന് പിന്നാലെയാണ് ഇസ്രായേൽ സേന നിർദ്ദേശം നൽകിയത് .എന്നാല്‍ ഈ നിര്‍ദേശം തൊട്ടുപിന്നാലെ തന്നെ ഇസ്രയേല്‍ സേന പിൻവലിച്ചു. ഈജിപ്ത് അതിര്‍ത്തി അടച്ചതിനെ തുടര്‍ന്നാണിത്.

‘ഈജ്തിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നിട്ടിരിക്കുകയാണ്. പുറത്ത് കടക്കാൻ ആഗ്രഹിക്കുന്നവര്‍ ആ വഴി തിരഞ്ഞെടുക്കാൻ ഞങ്ങള്‍ നിര്‍ദേശിക്കുന്നു’ ഇസ്രയേല്‍ സേനാ വക്താവ് ലെഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ് ഹെക്റ്റ് ആദ്യം നിര്‍ദേശിച്ചിരുന്നു. ഇതാണ് തൊട്ടുപിന്നാലെ പിൻവലിക്കേണ്ടിവന്നത്.

കഴിഞ്ഞ രാത്രിയില്‍ ഹമാസിന്റേയും മറ്റു പലസ്തീൻ സായുധ സംഘങ്ങളുടേയുമടക്കം ഗാസയിലെ 200 കേന്ദ്രങ്ങളില്‍ വ്യോമാക്രണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഹമാസ് നേതാക്കളുടെവീടുകളും ഒളികേന്ദ്രങ്ങളും അടക്കം തകര്‍ത്തതായി ഐഡിഎഫ് പറഞ്ഞു.

അതിനിടെ, ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം പൂര്‍ണ്ണമായും തിരിച്ച്‌ പിടിച്ചതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസ അതിര്‍ത്തി വഴി കഴിഞ്ഞ ദിവസം ഒരു നുഴഞ്ഞു കയറ്റ ആക്രമണവും ഉണ്ടായിട്ടില്ല. ഹമാസ് തകര്‍ത്ത അതിര്‍ത്തിയിലെ വേലികള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടത്തിവരികയാണെന്നും സൈന്യം വ്യക്തമാക്കി. ഇങ്ങോട്ടേക്ക് സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗങ്ങളെ അയച്ചിട്ടുണ്ട്.

എന്നാല്‍ നുഴഞ്ഞു കയറ്റത്തിന് ഈ മാര്‍ഗം മാത്രമല്ല ഹമാസ് ഉപയോഗപ്പെടുത്തിയതെന്ന് ഇസ്രയേലിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ശനിയാഴ്ച കടല്‍ വഴിയുംപാരാഗ്ലൈഡര്‍മാരുമായും ഹമാസ് സംഘം നുഴഞ്ഞുകയറിയിരുന്നു. ആ രീതികള്‍ വീണ്ടും ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, തുരങ്കങ്ങള്‍ വഴി പ്രവേശിക്കാനുള്ള സാധ്യത ഇസ്രയേല്‍ തള്ളി കളയുന്നില്ല. തെക്കൻ ഇസ്രയേലിലേക്ക് കടന്ന നുഴഞ്ഞു കയറ്റക്കാരെ പൂര്‍ണ്ണമായും കീഴടക്കാൻ ഇസ്രയേലിന് ആയിട്ടില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ നുഴഞ്ഞു കയറി ആക്രമണം നടത്തിയ 1500 ഓളം ഹമാസ് സായുധ സംഘാംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തായും ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജൻസിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്ബിന് സമീപമുള്ള എല്ലാ ഇസ്രയേല്‍ പൗരന്മാരേയും മാറ്റുകയും ചെയ്തിട്ടുണ്ട്.