ഗാസ സിറ്റി: ഗാസ സിറ്റിയിലെ അല്‍അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 500ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ഗാസയിലെ ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിന്‍റെ ഉത്തരവാദികള്‍ ഹമാസ് തന്നെയാണെന്ന് ഇസ്രായേല്‍ ആവര്‍ത്തിച്ചു. പലസ്തീൻ ഇസ്‌ലാമിക് ജിഹാദ് എന്ന തീവ്രവാദി സംഘടനയുടെ മിസ്‌ഫയർ ആക്രമണമായിരുന്നു എന്നതിന് വ്യക്തമായ സൂചനകളുണ്ടെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു,ആശുപത്രിക്ക് നേരെ ഉപയോഗിച്ച റോക്കറ്റുകളുടെ അവശിഷ്ടങ്ങള്‍ തങ്ങളുടേതുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇസ്രായേലിന്‍റെ വക്താവ് ഡാനിയല്‍ ഹഗാരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഹമാസ് തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിക്കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഈ മേഖലയില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണംനടത്തുകയായിരുന്നെന്നും ഇതിന്‍റെ ഭാഗമായാണ് ആശുപത്രിയേയും ലക്ഷ്യം വെച്ചത് എന്നുമാണ് ഹമാസ് പറയുന്നത്.
രോഗികള്‍ക്ക് പുറമേ, ഇസ്രയേലിന്‍റെ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി അഭയം തേടിയവരും ആശുപത്രിയില്‍ ഉണ്ടായിരുന്നു.
അതേസമയം, ആക്രമണത്തെ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തി. സൗദി, ജോര്‍ദാൻ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ് ആക്രമണത്തിനെതിരെ രംഗത്തെത്തിയത്.ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു, കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോര്‍ദാൻ പ്രതിനിധി പ്രതികരിച്ചു. ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. കൂടാതെ ഗാസയ്ക്ക് 100 മില്യണ്‍ അടിയന്തര സഹായം നല്‍കുമെന്നും ജിസിസി രാജ്യങ്ങള്‍ അറിയിച്ചു.
ആക്രണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി.ഇസ്രായേലിനെ പിന്തുണയ്ക്കാൻ തയ്യാറെടുക്കാൻ യുഎസ് സൈന്യം സജ്ജമായി. ആശുപത്രി സ്‌ഫോടനത്തെ തുടർന്ന് ബൈഡനുമായുള്ള കൂടിക്കാഴ്ച മഹ്മൂദ് അബ്ബാസ് റദ്ദാക്കി.

