സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയില്ല.

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള ഹര്‍ജികളില്‍ വെവ്വേറ വിധികള്‍ പ്രസ്താവിച്ച്‌ സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഇതില്‍ ചീഫ് ജസ്റ്റിസും, ജസ്റ്റിസ് സഞ്ജയ് കൗളും മാത്രമാണ് ഹര്‍ജിയെ അനുകൂലിച്ചത്. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, നരസിംഹ, ഹിമ കോലി എന്നിവര്‍ എതിര്‍ത്തു.

ജഡ്ജിമാര്‍ക്കിടയില്‍ യോജിപ്പും വിയോജിപ്പുണ്ടെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. സ്വവര്‍ഗ വിവാഹം നഗരങ്ങളിലെ വരേണ്യ വര്‍ഗത്തിന്റെ മാത്രം ആവശ്യമല്ല. പാടത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ കൂടി കാഴ്ചപ്പാടാണിത്. നഗരങ്ങളില്‍ ഉള്ള എല്ലാവരും വരേണ്യ വര്‍ഗമല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.വിവാഹം സ്ഥിരവും മാറ്റമില്ലാത്തതോ ആയ വ്യവസ്ഥയല്ല. നിയമങ്ങള്‍ വഴി വിവാഹത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. സ്‌പേഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണ്. സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നു. സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം കൊണ്ടുവരണമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു.

സ്വവര്‍ഗ വിവാഹമെന്ന് രജിസ്റ്റര്‍ ചെയ്യുന്നതിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ ‘പുരുഷനും സ്ത്രീയും’ എന്നത് ‘വ്യക്തി’ എന്നും ‘ഭര്‍ത്താവും ഭാര്യയും’ എന്നത് ‘ദമ്ബതിമാര്‍’ എന്നുമാക്കി മാറ്റണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. പത്തു ദിവസം വിശദമായി വാദം കേട്ട ശേഷം മേയ് പതിനൊന്നിനാണ് ഇരുപത്തിയൊന്ന് ഹര്‍ജികള്‍ വിധിപറയാൻ മാറ്റിയത്. കേന്ദ്രസര്‍ക്കാരിന്റെയും, വ്യക്തികളുടെയും, സംഘടനകളുടെയും അടക്കം എതിര്‍ വാദങ്ങളും കേട്ടു. നാല്‍പത് മണിക്കൂറോളമാണ് വാദം കേട്ടത്. പാര്‍ലമെന്റ് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കി വിധി പറയാനാകില്ലെന്ന് കോടതി നേരത്തെ പ്രതികരിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരും, രാജസ്ഥാൻ, അസാം, ആന്ധ്ര സംസ്ഥാനങ്ങളും സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. കേരളം അടക്കം മറ്റ് സംസ്ഥാനങ്ങള്‍ തുറന്നകോടതിയില്‍ നിലപാട് അറിയിച്ചിരുന്നില്ല. സമൂഹത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന സങ്കീര്‍ണമായ വിഷയമാണെന്നും, വ്യക്തി നിയമങ്ങളെ അടക്കം ബാധിക്കുമെന്നും കേന്ദ്രം നിലപാടെടുത്തു.